നീതി ആയോഗ്; അരവിന്ദ് പനഗരിയ ഉപാധ്യക്ഷന്‍: സമിതിയില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍

aravind panagariya

ആസൂത്രണക്കമ്മീഷന് പകരം രൂപവത്കരിച്ച ‘നീതി ആയോഗി’ന്റെ ഉപാധ്യക്ഷനായി പ്രമുഖ സാമ്പത്തികവിദഗ്ധന്‍ അരവിന്ദ് പനഗരിയയെ നിയമിച്ചു. സാമ്പത്തിക വിദഗ്ധനായ ബിബേക് ദബ്രോയ്, മുന്‍ പ്രതിരോധ-ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. വി.കെ. സാരസ്വത് എന്നിവരാണ് നീതി ആയോഗിലെ മുഴുവന്‍സമയ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയില്‍ അനൗദ്യോഗിക അംഗങ്ങളായി നാലും പ്രത്യേക ക്ഷണിതാക്കളായി മൂന്നും കേന്ദ്രമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധ മോഹന്‍ സിങ് എന്നിവരാണ് അനൗദ്യോഗിക അംഗങ്ങള്‍. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, തൊഴില്‍മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട്, മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളും.

താത്കാലിക അംഗങ്ങളെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ഇനി നിയമിക്കാനുണ്ട്. സര്‍വകലാശാലകളിലെയോ ഗവേഷണ സ്ഥാപനങ്ങളിലെയോ രണ്ടു വിദഗ്ധരെയാണ് താത്കാലിക അംഗങ്ങളായി നിയമിക്കുക. മന്ത്രാലയ സെക്രട്ടറിയുടെ പദവിയില്‍ ഒരു സി.ഇ.ഒ.യും ഉണ്ടാകും. ഈ നിയമനങ്ങള്‍ ഉടനെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

നീതി ആയോഗിന്റെ ഭരണസമിതിയില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും അംഗങ്ങളായിരിക്കും. ഒന്നോ അതില്‍ക്കൂടുതലോ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കായി മേഖലാ സമിതികളും ആവശ്യാനുസരണം രൂപവത്കരിക്കും.

കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അരവിന്ദ് പനഗരിയ. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ഐ.എം.എഫ്. എന്നിവിടങ്ങളിലും സാമ്പത്തിക വിദഗ്ധനായി സേവനമനുഷ്ഠിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close