പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്നുമുതല്‍

pbd

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബുധനാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിക്കും. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയതിന്റെ നൂറാം വര്‍ഷത്തിലാണ് സമ്മേളനം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനം ഔപചാരികമായി ഉദ്ഘാടനംചെയ്യും.

ഗയാനയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ആര്‍.റാമോതര്‍ മുഖ്യാതിഥിയും ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി മൈത്തി എങ്കോണ മഷബാനെ വിശിഷ്ടാതിഥിയുമാകും. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ ആദ്യ ദിനം യുവപ്രവാസിദിനമാണ്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടാകും. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിനു ശേഷമുള്ള പ്രധാന യോഗത്തില്‍ ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യും.

നഗരാസൂത്രണം, സ്മാര്‍ട്ട് സിറ്റികള്‍, ഡിജിറ്റല്‍ ഇന്ത്യ, നൈപുണ്യവികസനം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കാണ് ഊന്നല്‍. വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ചയാണ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും അന്ന് നടക്കും. സമാപനസമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കും. പ്രവാസി ഭാരതീയസമ്മേളനം കഴിഞ്ഞാല്‍ ജനവരി 11 മുതല്‍ 13 വരെ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമവും ഗാന്ധിനഗറില്‍ നടക്കും.

രണ്ട് സമ്മേളനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വിജയത്തിനായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. നൂറോളം രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ രണ്ട് പരിപാടികള്‍ക്കുമായി എത്തുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് തീരത്ത് പാക് ബോട്ട് സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മറൈന്‍ കമാന്‍ഡോകളെ കടല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close