മദ്യനയം: പരസ്യപോര് അവസാനിപ്പിക്കാന്‍ ധാരണ; മുഖ്യമന്ത്രി ചതിച്ചെന്ന് സുധീരന്‍

kpcc1

മദ്യനയത്തിലെ പരസ്യപോര് അവസാനിപ്പിക്കാന്‍ കെ പി സി സി സര്‍ക്കാര്‍ ഏകോപനസമിതിയോഗത്തില്‍ ധാരണ. നേതാക്കളുടെ നിര്‍ദേശത്തിന് വഴങ്ങിയാണ് ഇനി പരസ്യ ഏറ്റുമുട്ടല്‍ വേണ്ടെന്ന് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തീരുമാനത്തിലെത്തിയത്. അതേസമയം ഇരുവരും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നു. മദ്യവര്‍ജനവുമായി കെ പി സി സിയും നിലവിലെ പ്രായോഗികനിലപാടുമായി മുഖ്യമന്ത്രിയും മുന്നോട്ട്‌പോകും. മദ്യനയത്തില്‍ മുഖ്യമന്ത്രി ചതിച്ചെന്ന് സുധീരന്‍ യോഗത്തില്‍ ആരോപിച്ചു. യോഗതീരുമാനം വിശദീകരിക്കാന്‍ സുധീരന്‍ രാവിലെ മാധ്യമങ്ങളെ കാണും.

മദ്യനയത്തെ ചൊല്ലി ഏറകാലമായുണ്ടായ പരസ്യപോരിനാണ് കെ പി സി സി സര്‍ക്കാര്‍ ഏകോപനസമിതിയോടെ താല്‍ക്കാലിക വിരാമമാകുന്നത്. പാര്‍ട്ടിയും സര്‍ക്കാറും ഒരുമിച്ച് പോകണമെന്ന നേതാക്കളുടെ ശക്തമായ നിര്‍ദ്ദേശം പരിഗണിച്ചാണ് 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വി എം സുധീരനും മുഖ്യമന്ത്രിയും ധാരണയിലെത്തിയത്. അതേസമയം ഇരുവരും സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. എന്നാല്‍ പാര്‍ട്ടിക്ക് പരുക്ക് ഏല്‍ക്കാത്തവിധമാകുമിത്. മദ്യനയത്തിലെ പ്രായോഗികമാറ്റത്തിന് മുഖ്യമന്ത്രിക്കും, മദ്യവര്‍ജനമെന്ന കെ പി സി സി നയത്തിനും ഏകോപനസമിതി അംഗീകാരം നല്‍കി.

രൂക്ഷമായ വാക്‌പോരിനാണ് ഏകോപനസമിതിയോഗം സാക്ഷ്യംവഹിച്ചത്. കടുത്ത വിമര്‍ശനങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും വി എം സുധീരനും നേരിടേണ്ടി വന്നു. മുഖ്യമന്ത്രിയെടുത്ത നിലപാടുകള്‍ക്കെതിരെ സുധീരന്‍ തന്നെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. മദ്യനയത്തില്‍ മുഖ്യമന്ത്രി ചതിക്കുകയാണ് ചെയ്തത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മദ്യനയം ഉയര്‍ത്തി പിടിച്ച് നടത്തിയ ജനപക്ഷയാത്ര അവസാനിച്ചപ്പോള്‍ നയം മാറ്റിയത് പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുധീരന്‍ തുറന്നടിച്ചു. മുഖ്യമന്ത്രി വേഗത്തിലെടുത്ത തീരുമാനമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചിലനേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഒറ്റപ്പെടുത്തുന്നത് പാര്‍ട്ടി ക്കാകെയും ക്ഷീണമുണ്ടാക്കിയതായും നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം പ്രായോഗികതീരുമാനം മാത്രമായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തില്‍ എല്ലാവരേയും മദ്യലോബിയുടെ ആളുകളാക്കിയ സുധീരന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധീരനെതിരെ കെ മുരളീധരന്‍, എം എം ഹസന്‍, വി ഡി സതീശന്‍ എന്നിവരും ശക്തമായി രംഗത്തെത്തി.പാര്‍ട്ടിയെ തന്നെ ഇല്ലാതാക്കുന്ന നിലപാടാണ് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചത്. സര്‍ക്കാറിന് സ്വീകരിക്കേണ്ട വന്ന പ്രായോഗികസമീപനത്തോടൊപ്പമാണ് കെപിസിസി പ്രസിഡന്റ് നില്‍ക്കേണ്ടിയിരുന്നത്. പ്രസിഡന്റിന്റെ നിലപാട് പാര്‍ട്ടിയുടെ പ്രതിഛായ തന്നെ ഇല്ലാതാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.ഏതായാലും ഇനി സര്‍ക്കാറും പാര്‍ട്ടിയും ഇനി രണ്ട് വഴിക്ക് പോകരുതെന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തോട് വഴങ്ങി യോഗം താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close