പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്ന് നരേന്ദ്രമോദി

modi pbd

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ആനുകൂല്യങ്ങള്‍ പരമാവധിപേര്‍ക്ക് ലഭിക്കുംവിധം പി ഐ ഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ലയിപ്പിച്ചതും പ്രശ്‌നങ്ങള്‍ മനസിലാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ ലോകത്തെ ഏതുരാജ്യത്തുനിന്നും പ്രശംസ നേടുന്നു. പണമുള്ളതുകൊണ്ടല്ല, ഇന്ത്യന്‍ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതുകൊണ്ടാണ് പ്രശംസ ലഭിക്കുന്നത്. ഇന്ന് ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നത്. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും അടക്കമുള്ളവയെല്ലാം ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് വിവിധ ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കിടെയാണ് വ്യക്തമായിട്ടുള്ളത്.

ഇന്ത്യ വളരെവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നിരവധി അവസരങ്ങള്‍ രാജ്യത്ത് പ്രവാസികളെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗംഗാ ശുചീകരണത്തിന് പ്രവാസികളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന സമ്മേളനത്തില്‍ 58 രാജ്യങ്ങളില്‍നിന്നുള്ള 4000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിസഭാംഗങ്ങള്‍ മൂന്നുദിവസത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മോദി സര്‍ക്കാറിന്റെ നയപരിപാടികള്‍ പ്രവാസികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ നടത്തുന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, നമാമിഗംഗ പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തി പദ്ധതികള്‍ വിശദീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിമാന നിരക്കിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ തട്ടിപ്പുകള്‍, അകാരണമായ ജയില്‍ശിക്ഷകള്‍, നാട്ടിലെ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close