പാമോയില്‍ കേസ്: വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവ്‌

khc

പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്‍റെ റിവിഷന്‍ഹര്‍ജി ഹൈക്കോടതി തള്ളി . കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനുവിരുദ്ധമാണ്. പ്രതികള്‍ വിചാരണ നേരിടണം. കേസ് റദ്ദാക്കാനാവില്ല. കേസ് പിന്‍വലിക്കുന്നത് പ്രതികള്‍ക്കുമാത്രമെ ഗുണകരമാകൂ. പ്രധാനസാക്ഷികള്‍ ജീവിച്ചിരിപ്പില്ലെന്നത് കേസ് അവസാനിപ്പിക്കാന്‍ കാരണമല്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ്.സുനില്‍കുമാറിനും ജനപക്ഷത്തുനിന്ന് കേസില്‍ ഇടപെടാമെന്നും കോടതി ചൂണ്ടിക്കാട്ടി.

പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന അപേക്ഷതള്ളിയ വിജിലന്‍സ് കോടതിവിധിക്കെതിരായ സര്‍ക്കാരിന്‍റെ റിവിഷന്‍ ഹര്‍ജിയില്‍ വിധ പറയുകയായിരുന്നു ഹൈക്കോടതി. അഴിമതിക്കേസുകള്‍ പിന്‍വലിക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും , വിഎസ് സുനില്‍കുമാര്‍ എംഎല്‍യും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പതിറ്റാണ്ടുകള്‍ പിന്നിട്ട പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേസ് ഈ ഘട്ടത്തില്‍ പിന്‍വലിക്കാനാകില്ലെന്നായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് . കേസില്‍ സുപ്രധാനമൊഴി നല്‍കിയ മൂന്ന് സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ മരിച്ചു . ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്ന കെ കരുണാകരനും ഇന്നില്ല. ഈ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് . പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള ക്യാബിനറ്റ് തീരുമാനം ശരിയെന്ന് വിജിലന്‍സും വ്യക്തമാക്കിയതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

മാത്രമല്ല മുന്‍വിജിലന്‍സ് കമ്മിഷണര്‍ പി ജെ തോമസിനെയും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ജിജി തോംസണെയും വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നില്ല. ഈ വാദഗതികള്‍ തള്ളിയാണ് നടപടികള്‍ തുടരാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി തീരുമാനിച്ചത് . അഴിമതി കേസുകള്‍ പിന്‍വലിക്കുന്നത് സാമുഹ്യനീതിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വി എസ് സുനില്‍കുമാര്‍ എം എല്‍ എയും വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു . സര്‍ക്കാരിന് കോടികളുടെ സാന്പത്തിക നഷ്ടമുണ്ടാക്കിയ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ദുരുദ്ദേശപരവും രാഷ്ട്രീയപ്രേരിതവുമാണെന്നും ഇവര്‍ വാദിച്ചു.

വിചാരണ തുടരാന്‍ തീരുമാനിച്ച വിജിലന്‍സ് കോടതി പക്ഷേ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി. പാമോലിന്‍ കേസിന്‍റെ ചുമതലയുള്ള അഡീഷണല്‍ ലീഗല്‍ അഡ്വൈസറല്ല സര്‍ക്കാരിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചതെന്നു വ്യക്തമാക്കിയ വിജിലന്‍സ് കോടതി ലീഗല്‍ അഡ്വൈസര്‍ ഉത്തമവിശ്വാസത്തോടെയല്ല സമീപിച്ചതെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close