ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടം: നരേന്ദ്രമോദി

modi delhi rally

ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇപ്പോള്‍ ബാങ്കുകളില്‍ സാധാരണക്കാര്‍ എത്തുന്നുണ്ട്. ആഗസ്ത് 15-ന് ആണ് സര്‍ക്കാര്‍ ‘ജന്‍ ധന്‍ യോജന’ പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കകം ഒരു കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇതുവരെ 11 കോടി പേര്‍ അക്കൗണ്ട് തുറന്നു. ഇതില്‍ ഏഴുകോടി കുടുംബങ്ങളുണ്ട്. അവര്‍ക്കെല്ലാം ഒരു ലക്ഷം രൂപയുെട ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും-മോദി പറഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സര്‍ക്കാറാണിത്. റിക്ഷവലിക്കുന്നവര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍, ജുഗി-ജോപ്പഡികളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടിയാണ്, ഫുട്പാത്തില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് -അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരുടെ രാജ്യമെന്ന പേരും മാറ്റിയെടുക്കാന്‍ പറ്റിയെന്ന് മോദി പറഞ്ഞു. മുമ്പ് അഴിമതിക്കഥകളായിരുന്നു എല്ലായിടത്തും. ഭരിക്കുന്നയാളും വലിയ അഴിമതിക്കാരന്‍. ഇത്രകാലത്തിനിടയില്‍ തന്റെയോ കൂട്ടാളികളുടെയോ പേരില്‍ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ച മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രി രഘുവര്‍ദാസ്, ഹരിയാണയിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു. ഇവരെയും കശ്മീരിലെ പാര്‍ട്ടിയുടെ വിജയത്തിന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിനെയും മോദി അഭിനന്ദിച്ചു.

ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, പീയുഷ് ഗോയല്‍, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close