സുനന്ദ കേസ്: മെഹര്‍ തരാറിനെ ചോദ്യംചെയ്യും

mehar tarar

സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ അടക്കമുള്ളവരെ ഡല്‍ഹി പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും. പാകിസ്താനിലുള്ള ഇവരില്‍ നിന്ന് ഇ-മെയില്‍ മുഖേനയായിരിക്കും വിവരം ശേഖരിക്കുക. ഏതുതരം ചോദ്യങ്ങളോടും താന്‍ പ്രതികരിക്കാമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. തരൂരുമായി അടുപ്പമുള്ള മെഹര്‍ തരാര്‍ ഐ.എസ്.ഐ. ഏജന്റാണെന്ന് മരണത്തിനുമുമ്പ് സുനന്ദ ആരോപിച്ചിരുന്നു.

ശശി തരൂരിന്റെ സഹായി നാരായണ്‍ സിങ്ങിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് തയ്യാറാക്കിയിട്ടുള്ള ചോദ്യംചെയ്യല്‍പട്ടിക. സുനന്ദ മരിച്ചു കിടന്ന മുറിയില്‍നിന്നും വിഷാദരോഗത്തിനുള്ള ആല്‍പ്രാക്‌സ് ഗുളികയുടെ ഒഴിഞ്ഞ രണ്ടു പാക്കറ്റുകള്‍ കണ്ടെടുത്തിരുന്നു. തരൂരിന്റെ സഹായി രാകേഷ് കുമാര്‍ ശര്‍മയാണ് ആല്‍പ്രാക്‌സ് ഗുളിക എത്തിച്ചുകൊടുത്തതെന്ന് നാരായണ്‍ സിങ് മൊഴിനല്‍കിയിട്ടുണ്ട്. സുനന്ദ മരിച്ച സമയത്ത് ശര്‍മയും ഹോട്ടലിലുണ്ടായിരുന്നു.

തരാറുമായുള്ള ബന്ധത്തിന്റെ പേരില്‍ ദമ്പതിമാര്‍ വഴക്കുകൂടിയെന്ന് നേരത്തേ നാരായണ്‍സിങ് മൊഴിനല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ തന്റെ രോഗത്തെച്ചൊല്ലി സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും അതിന് തരൂരിനെ കുറ്റപ്പെടുത്തിയിരുന്നതായും നാരായണ്‍ സിങ് പറഞ്ഞു. തരൂര്‍ ദമ്പതിമാരുടെ കുടുംബസുഹൃത്തായ സുനില്‍ ട്രാക്ക്‌റു ഇരുവരെയും ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും സിങ് വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും മറ്റൊരു സുഹൃത്തായ സഞ്ജയ് ദെവാനെയും ചോദ്യംചെയ്യും. സുനന്ദ മരിച്ച ദിവസം ഇയാള്‍ ലീല ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് നിഗമനം. തരൂരിന്റെ ഡ്രൈവര്‍ ബൈജ്‌റംഗി, മരണത്തിനുമുമ്പ് സുനന്ദ സംസാരിച്ച മുതിര്‍ന്ന വനിതാമാധ്യമപ്രവര്‍ത്തക നളിനി സിങ്, തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി അഭിനവ് കുമാര്‍ എന്നിവരെയും ചോദ്യം ചെയ്യും. മരണവിവരം സരോജിനിനഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അതുല്‍ സൂദിനെ മൊബൈലില്‍ വിളിച്ചറിയിച്ചത് അഭിനവ് കുമാറായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close