വ്യവസായ നിക്ഷേപകരെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

modi vibrant gujarat

വ്യവസായം ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപകര്‍ക്ക് സ്ഥിരമായ നികുതി സംവിധാനവും സുതാര്യമായ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചക്കോടിയുടെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരും ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് സഹകരണ ഫെഡറലിസം പ്രചരിപ്പിക്കാനായി മുന്നോട്ടുവരണം. അതേസമയം, സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു മത്സരഘടകം നിലനില്‍ക്കുകയും വേണം. പൊതു, സ്വകാര്യ നിക്ഷേപങ്ങളിലൂടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വ്യവസായം മുന്നോട്ടു കൊണ്ടുവരികയാണ് നമ്മളോരോരുത്തരുടേയും കടമ. ഇക്കാര്യത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ സാധാരക്കാര്‍ക്കും അതുപോലെതന്നെ വ്യവസായ രംഗത്തും ഒരുപോലെ ഗുണകരമാകണമെന്നും മോദി പറഞ്ഞു.

ഏഴു മാസത്തെ കുറഞ്ഞ കാലയളവിനുള്ളില്‍ ഇവിടത്തെ നിരാശയുടെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ ആദ്യ ദിവസം മുതല്‍ തന്നെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മറ്റു രാജ്യങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. പ്രശ്‌നങ്ങളെ നമ്മള്‍ സമീപിക്കുന്ന രീതിയാണ് മാറ്റേണ്ടത് – മോദി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളാണ് ഞങ്ങളില്‍ ഉണ്ടായിരുന്നത്. ഇതിനാല്‍ തന്നെ സാമ്പത്തിക സാമൂഹിക അവസ്ഥ മാറ്റാനും മെച്ചപ്പെടുത്താനും ഇതിലൂടെ ജനങ്ങള്‍ക്ക് മികച്ച ജീവിത നിലവാരം നല്‍കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും മോദി വ്യക്തമാക്കി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close