ബാര്‍കോഴ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് മാണി

mani km

ബാര്‍കോഴ പ്രശ്‌നത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് മന്ത്രി കെ.എം.മാണി. കോട്ടയത്ത് ഞായറാഴ്ച നടന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മാണി ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിട്ടില്ല.
കെ.എം.മാണിയെ മനഃപൂര്‍വം കുടുക്കാനാണ് ബാര്‍കോഴപ്രശ്‌നം കുത്തിപ്പൊക്കിയതെന്നാണ് ചിലര്‍ യോഗത്തില്‍ വിമര്‍ശിച്ചത്.

കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും ഗ്രൂപ്പുപോരില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് മാണിയെ കുടുക്കാന്‍ ശ്രമിച്ചതെന്നും വിമര്‍ശമുയര്‍ന്നു. ആരാണ് മാണിയെ കുടുക്കാന്‍ ശ്രമിച്ചതെന്ന് പകല്‍പോലെ വ്യക്തമാണെന്നുംമറ്റും വാദഗതികള്‍ ഉയര്‍ന്നപ്പോള്‍, ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ഗുണംചെയ്യില്ലെന്ന് മറ്റുചിലര്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് മാണി ഇടപെട്ടത്. ഇതുസംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ച സമിതിയുടെ വിലയിരുത്തലുകള്‍ വരുംവരെ ചര്‍ച്ച വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാര്‍കോഴപ്രശ്‌നം ചര്‍ച്ചചെയ്തതേയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക് പമ്പിങ്ങിനുള്ള വൈദ്യുതി സൗജന്യം കിട്ടാത്തത് യോഗത്തില്‍ ചര്‍ച്ചയായി. ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യം എത്രയുംവേഗം ലഭ്യമാക്കണം.

റബ്ബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമായില്ല. വിപണിയില്‍നിന്ന് അന്താരാഷ്ട്രവിലയെക്കാള്‍ കൂട്ടി റബ്ബര്‍ വാങ്ങാനുളള നിര്‍ദേശം നടപ്പാകുന്നില്ല. രണ്ടുകാര്യത്തിലും ഫലപ്രദമായി ഇടപെടാന്‍, മന്ത്രിമാരായ കെ.എം.മാണിയെയും പി.ജെ.ജോസഫിനെയും യോഗം ചുമതലപ്പെടുത്തിയെന്നും പുതുശ്ശേരി പറഞ്ഞു. തുടര്‍ന്ന്, ബാര്‍കോഴക്കേസ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഏഴംഗസമിതി യോഗം ചേര്‍ന്നു.

പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, ജോയി എബ്രാഹാം എം.പി., ടി.എസ്.ജോണ്‍, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, പി.ടി.ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് യോഗം ചേര്‍ന്നത്.എന്നാല്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. അന്തിമരൂപമാകുന്നതേയുള്ളൂവെന്നാണ് പാര്‍ട്ടിനിലപാട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close