പ്രവാസി വോട്ട്: ഇലക്ട്രോണിക് വോട്ടോ പ്രോക്സി വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാർ

e vote

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടും (പ്രോക്‌സി വോട്ട്) ഇ ബാലറ്റ് വോട്ടും അനുവദിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ഇത് യാഥാര്‍ഥ്യമാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് എട്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുക്ത്യാര്‍ വോട്ട് അല്ലെങ്കില്‍ ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാല്‍ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യേണ്ടിവരും.

ഇപ്പോള്‍ സൈനികര്‍ക്ക് മാത്രമാണ് മുക്ത്യാര്‍ വോട്ടുള്ളത്. ഏത് മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലാണോ പേരുള്ളത് ആ മണ്ഡലത്തിലെ മറ്റൊരു വോട്ടറെ മുക്ത്യാര്‍ ആയി നിയമിക്കുന്നതാണ് ഈ സമ്പ്രദായം. സൈനികര്‍ക്കായി 2002 ലാണ് ഇത് ഏര്‍പ്പെടുത്തിയത്.

മുക്ത്യാര്‍ വോട്ടിന് നേരത്തേതന്നെ അപേക്ഷ നല്‍കുകയും ആളെ ചുമതലപ്പെടുത്തുകയും വേണം. പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാനദിവസത്തിന് മുമ്പുവരെ മുക്ത്യാറെ നിയോഗിക്കാം. ചട്ടപ്രകാരം മണ്ഡലത്തിലെ ഏത് വോട്ടറെയും മുക്ത്യാര്‍ ആക്കാമെങ്കിലും സാധാരണഗതിയില്‍ സൈനികര്‍ അവരുടെ ഉറ്റ ബന്ധുക്കളെയാണ് ഈ ചുമതലയേല്‍പ്പിക്കാറുള്ളത്. മുക്ത്യാറുടെ സ്വന്തം വോട്ട് ചൂണ്ടുവിരലിലും മറ്റേയാള്‍ക്കുവേണ്ടി ചെയ്യുന്ന വോട്ട് നടുവിരലിലും ആണ് രേഖപ്പെടുത്തുക.

പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് ഏര്‍പ്പെടുത്തുമ്പോള്‍ അതിനായി പ്രത്യേക ചട്ടം ഉണ്ടാക്കേണ്ടിവരും. കാലവിളംബം ഒഴിവാക്കാന്‍ നേരത്തേതന്നെ മുക്ത്യാറെ ചുമതലപ്പെടുത്തേണ്ടിയുംവരും. മുക്ത്യാര്‍വോട്ട് വേണോ അതല്ല, തപാല്‍വോട്ട് വേണോ എന്ന് പ്രവാസി വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

ഇ-ബാലറ്റ് വോട്ടുമായി ബന്ധപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ ഇപ്രകാരമാണ്. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസിക്ക് ആവശ്യ പ്രകാരം റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ‘ഇലക്ട്രോണിക്’ രൂപത്തില്‍ അയച്ചുകൊടുക്കണം. ഇതിന്റെ സുരക്ഷിത്വം ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ സുരക്ഷിതമായി ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയശേഷം അതിന്റെ ഒറിജിനല്‍ തപാല്‍മാര്‍ഗം നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ അയയ്ക്കണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close