ബംഗാളില്‍ തൃണമൂല്‍മന്ത്രി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

bengal minister to bjp

പശ്ചിമബംഗാളിലെ അഭയാര്‍ഥി പുനരധിവാസവകുപ്പ് സഹമന്ത്രി മഞ്ജുള്‍കൃഷ്ണ ഠാക്കൂര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

മന്ത്രിയെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. നല്ല വ്യക്തികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ സ്ഥാനമില്ലെന്നും ഠാക്കൂര്‍ കുറ്റപ്പെടുത്തി. ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ ഗതാഗതമന്ത്രി മദന്‍മിത്രയെ അറസ്റ്റുചെയ്ത് ജയിലിലടച്ചതോടെ സമ്മര്‍ദത്തിലായ മമത സര്‍ക്കാറിന് ഠാക്കൂറിന്റെ രാജി കനത്ത തിരിച്ചടിയായി.

ഠാക്കൂറിന്റെ മകനും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശികനേതാവുമായ സുബ്രത ഠാക്കൂറും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ബോന്‍ഗാവ് നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സുബ്രതയെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന. മഞ്ജുള്‍ കൃഷ്ണ ഠാക്കൂറിന്റെ സഹോദരനായ കപില്‍ കൃഷ്ണ ഠാക്കൂറിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മണ്ഡലത്തില്‍ ഇവരുടെ സഹോദരി മമത ബാലയെയാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

മന്ത്രിയാണെങ്കിലും അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് രാജിപ്രഖ്യാപനത്തിനുശേഷം മഞ്ജുള്‍കൃഷ്ണ ഠാക്കൂര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഉള്‍പ്പോരാണ് ഇതിന് കാരണം. ബോന്‍ഗാവ് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായ തന്റെ സഹോദരിക്ക് കെട്ടിവെച്ച കാശുപോലും കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സഹോദരന്‍ കപില്‍കൃഷ്ണയുടെ മരണം ദുരൂഹതയുണര്‍ത്തുന്നതായി ഠാക്കൂര്‍ ആരോപിച്ചു. ബാളിഗഞ്ചില്‍ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. മമതാബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം അധികകാലം നീളില്ലെന്ന് ഈയിടെ നടന്ന റാലിയില്‍ പാര്‍ട്ടിഅധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close