തിരുനെല്ലിയില്‍ മാവോവാദി ആക്രമണം: കെ ടി ഡി സി ഹോട്ടല്‍ തകര്‍ത്തു

wayanad maoist attack

വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്.റിസ്പഷന്‍ കൗണ്ടറും കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെയുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സായുധരായ ആറുപേര്‍ ഹോട്ടലിലെത്തിയത്. വന്‍ ശബ്ദമുണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേ സമയം റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ ആരെയും ഉപദ്രവിച്ചിട്ടില്ല. അക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കനത്ത തണുപ്പും മഞ്ഞുമായതിനാല്‍ വനാന്തര്‍ഭഗത്തുള്ള തിരുനെല്ലി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സമയം നോക്കിയാണ് മാവോവാദികള്‍ ഇവിടെ വീണ്ടും എത്തിയത്.

റിസപ്ഷനിലുണ്ടായിരുന്ന രണ്ട് കമ്പ്യൂട്ടറുകള്‍, ഫോണ്‍, ടെലിവിഷന്‍ എന്നിവയും പാത്രങ്ങള്‍, ടീപോയ് തുടങ്ങിയവയും അക്രമികള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്.

‘ ആദിവാസികളുടെയും കര്‍ഷകരുടെയും ദുരിതങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരിള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു. സമ്പന്നരുടെ ടൂറിസ്റ്റ് റിസോര്‍ട്ടുകളല്ല കാടിന്റെയും മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശം സ്ഥാപിക്കുക’. ‘ കിക്ക് ഔട്ട് ഓഫ് ഒബാമ’ എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.

മാവോവാദി പ്രസിദ്ധീകരണമായ ‘ കാട്ടുതീ’ ലക്കങ്ങളും സമീപത്ത് വിതറിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും തണ്ടര്‍ ബോള്‍ട്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശത്ത് മാവോവാദികളെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. ഇതിന് തൊട്ടടുത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് മാവോവാദികള്‍ എത്തിയിരുന്നു. ചില്ലുകളും ജനാലകളും തകര്‍ത്താണ് ഇവര്‍ അന്ന് മടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close