ശശീന്ദ്രനെതിരെ ഹര്‍ജി സമര്‍പ്പിച്ച പരാതിക്കാരി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി

എ. കെ ശശീന്ദ്രനെതിരെ രണ്ട് തവണ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി. ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയാണ് മഹാലക്ഷ്മിക്ക്. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഹര്‍ജി കൊടുത്തതെന്ന് മഹാലക്ഷ്മിയുടെ മകള്‍ പറഞ്ഞു. ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും മഹാലക്ഷ്മിയുടെ മകള്‍ പറഞ്ഞു.

ഫോൺവിളി കേസിൽ വിധി പറയാനിരിക്കെയായിരുന്നു മഹാലക്ഷ്മി നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട്  തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഹർജി തള്ളി, പിന്നാലെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസം മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ അവർ ഇപ്പോൾ താമസിക്കുന്നില്ല. വിലാസം വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരവും നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. മഹാലക്ഷ്മി ഇപ്പോൾ വാടകക്ക് താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിൽ. ഇലിപ്പോടുള്ള ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്. മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പി.എ. ആണ് ഇയാള്‍.

Show More

Related Articles

Close
Close