വ്യാജബിരുദ കേസില്‍ ‍അറസ്റ്റില്‍ ആയ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രതോമര്‍ രാജിവച്ചു.

pic
വ്യാജബിരുദ കേസില്‍ ‍അറസ്റ്റില്‍ ആയ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രതോമര്‍ രാജി വച്ചു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തോമറിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തൊമാര്‍ സമര്‍പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തി.ബീഹാറിലെ തിലക് മഞ്ജി ഭഗല്‍പ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു തൊമാറിന്റെ അവകാശവാദം.

ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി അംഗത്വം നേടിയെന്നാരോപിച്ച് കഴിഞ്ഞമാസം 11-നാണ് തോമറിനെതിരെ ബാര്‍കൗണ്‍സില്‍ സെക്രട്ടറി പുനീത് മിത്തല്‍ പോലീസിന് പരാതിനല്‍കിയത്. ഡല്‍ഹിയില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തോമര്‍ നല്‍കിയ വിദ്യാഭ്യാസവിവരങ്ങള്‍ തെറ്റാണെന്ന് പരാതിയുണ്ടായിരുന്നു.

ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് കേന്ദ്രസര്‍ക്കാറുണ്ടാക്കുന്നതെന്നും തീവ്രവാദിയെ പ്പോലെയാണ് തോമറിനെ അറസ്റ്റുചെയ്തതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റുചെയ്തതെന്ന് എ.എ.പി ആരോപിച്ചു. തന്നെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കര്‍ രാംനിവാസ് ഗോയലും പറഞ്ഞു.

യു.പി ഫൈസാബാദിലെ അവധ് സര്‍വകലാശാലയിലും ബിഹാറിലെ തില്‍കാമഞ്ജി സര്‍വകലാശാലയിലും നടത്തിയ അന്വേഷണത്തില്‍ തോമറിന്റെ ബി.എസ്സി, എല്‍.എല്‍.ബി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.
അയോധ്യയിലെ കെ.എസ് സാകേത് പി.ജി കോേളജില്‍ നടത്തിയ അന്വേഷണത്തില്‍ തോമറിന്റെ പേരിലുള്ള ബി.എസ്സി ബിരുദ സര്‍ട്ടിഫിക്കറ്റ് അവരുടെ രജിസ്റ്ററിലില്ലെന്ന് വ്യക്തമായി. തോമറിന്റെ എല്‍.എല്‍.ബി ബിരുദ സര്‍ട്ടിഫിക്കറ്റിലെ റോള്‍നമ്പര്‍ മറ്റൊരു വിദ്യാര്‍ഥിയുടേതാണെന്ന് തില്‍കാമഞ്ജി സര്‍വകലാശാല അറിയിച്ചു. ബുന്ദേല്‍ഖണ്ഡ് സര്‍വകലാശാലയുടേതെന്ന് പറഞ്ഞ് തോമര്‍ കാണിച്ച മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചു. തങ്ങളെ ഭയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാറും ലഫ്. ഗവര്‍ണറും ഡല്‍ഹി പോലീസും ശ്രമിക്കുന്നതെങ്കിലും അത് നടക്കില്ല. അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്ന എ.എ.പി സര്‍ക്കാറിനെ പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിക്കുന്നതെന്ന് എ.എ.പി ആരോപിച്ചു. സമാനമായ കേസുകള്‍ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ക്കെതിരെയുണ്ടെന്ന് പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close