മുഖ്യമന്ത്രിയ്ക്കായി ഏഴു കോടി ആവശ്യപ്പെട്ടു, ആര്യാടന്‍ 40 ലക്ഷം കൈക്കൂലി വാങ്ങി

aryadan-muhammed2

മുന്‍ നിലപാടുകള്‍ മാറ്റി മന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടുണ്ട്. 2011 ജൂണിലാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതെന്നും സരിത സോളാര്‍ കമ്മിഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. പദ്ധതിക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്ക് ഏഴു കോടി രൂപ നല്‍കേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് ജിക്കുമോന്‍ അറിയിച്ചിരുന്നുവെന്നും സരിത മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വൈദ്യുതിമന്ത്രിയായ ആര്യാടന്‍ മുഹമ്മദിനെ കാണുകയും 40 ലക്ഷം കൈക്കൂലി നല്‍കുകയും ചെയ്തു. സോളാര്‍ പദ്ധതിക്ക് രണ്ടു കോടി രൂപയാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു കഴിയാത്തതിനാല്‍ ചര്‍ച്ചയ്ക്കു ശേഷം ഒരു കോടി രൂപ നല്‍കിയാല്‍ മതിയെന്ന് മന്ത്രി സമ്മതിച്ചു. ഇതില്‍ 25 ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പി.എയ്ക്ക് നല്‍കി. പിന്നീട് ഒരു ചടങ്ങില്‍ വച്ച് 15 ലക്ഷം രൂപയും നല്‍കി. താന്‍ ജയിലിലായതോടെ പദ്ധതി മുടങ്ങി. ജയിലില്‍ നിന്ന് ഇറങ്ങിയ താന്‍ പണം തിരികെ നല്‍കണമെന്ന് ആര്യാടനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നല്‍കിയില്ലെന്നും സരിത പറയുന്നു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് ജോപ്പനെ കണ്ടത്. മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പി.എ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. ജിക്കുമോനുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പല തവണ കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെത്തി തോമസ് കുരുവിളയെയും കണ്ടിട്ടുണ്ടെന്നും സരിത മൊഴി നല്‍കി.

ആര്യാടന്റെ സഹായത്തോടെയാണ് താന്‍ കല്ലട ഡാം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിക്ക് ഏഴു കോടി രൂപ നല്‍കേണ്ടിവരുമെന്ന് ജിക്കുമോന്‍ പറഞ്ഞിരുന്നു. 2012 നവംബറില്‍ തന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിച്ചുവെങ്കിലും സാന്പത്തിക സ്ഥിതി മോശമായതിനാല്‍ അതിനു കഴിയില്ലെന്നു തീരുമാനിക്കുകയായിരുന്നു.

സോളാര്‍ ഇടപാടുമായി മുന്‍പ് പുറത്തുവന്ന പല ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും ശരിവയ്ക്കുന്ന വിധത്തിലാണ് സരിതയുടെ ഇന്നത്തെ മൊഴി. സരിതയെ മൂന്നു തവണ കണ്ടിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. എന്നാല്‍ നിരവധി തവണ മുഖ്യമന്ത്രിയും സരിതയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ഇന്ന് നല്‍കുന്ന സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close