മലയാളികളെ വീണ്ടും അബുദാബിയില്‍ ഭാഗ്യദേവത കടാക്ഷിച്ചു; 23 കോടി രൂപയുടെ സമ്മാനം ലഭിച്ചത് ആറ് സുഹൃത്തുക്കള്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത വീണ്ടും മലയാളികളെ കടാക്ഷിച്ചു. ആറു സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത കൂപ്പണിന് 1.2 കോടി ദിര്‍ഹം (ഏകദേശം 23 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ പ്രിന്റിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനെയും സുഹൃത്തുക്കളെയുമാണ് അബുദാബി ബംബര്‍ തേടിയെത്തിയത്.

ഇവരെടുത്ത 175342 എന്ന കൂപ്പണിനാണ് തിങ്കളാഴ്ച അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ലിജോ (കോട്ടയം), കൃഷ്ണരാജ് (കോട്ടയ്ക്കല്‍), ദിലീപ് (എറണാകുളം), റിജേഷ് (മലപ്പുറം), സതീഷ് (തിരുവനന്തപുരം) എന്നിവരാണ് മറ്റ് ഭാഗ്യവാന്മാര്‍.

ഭാഗ്യം കൊണ്ടുവന്ന ഈ ടിക്കറ്റ് കഴിഞ്ഞമാസം 30-നാണ് ഓണ്‍ലൈന്‍ വഴി ഇവരെടുത്തത്. സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് നേരത്തെയും ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. നേരത്തെ ഒരുമിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നതെങ്കിലും കുടുംബമായപ്പോള്‍ വെവ്വേറെ താമസിക്കുകയായിരുന്നു. സമ്മാനത്തുകയില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഇവര്‍ അറിയിച്ചു.

ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും മലയാളികള്‍ക്കാണ്. കഴിഞ്ഞമാസത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണാണ് ലഭിച്ചത്.

Show More

Related Articles

Close
Close