ആധാറിന് രാജ്യസഭ വരുത്തിയ ഭേദഗതികള്‍ ലോക്സഭ തള്ളി

ആധാര്‍ നിര്‍ബന്ധമാക്കാനാവില്ളെന്നും സബ്സിഡി ആനുകൂല്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുതെന്നുമുള്ളതടക്കമുള്ള നിര്‍ണായക ഭേദഗതികളോടെ വിവാദ ആധാര്‍ ബില്‍ രാജ്യസഭ ലോക്സഭയിലേക്ക് തിരിച്ചയച്ചു. എന്നാല്‍, രാജ്യസഭ തിരിച്ചയച്ച ദിവസം തന്നെ ബില്‍ വീണ്ടും പരിഗണിച്ച് ഭേദഗതികള്‍ അപ്പാടെ തള്ളി വിവാദ വ്യവസ്ഥകളടങ്ങുന്ന പഴയ ബില്‍തന്നെ ലോക്സഭ അടിയന്തരമായി പാസാക്കി.
രാജ്യസഭ തിരിച്ചയച്ച ബുധനാഴ്ചതന്നെ ബില്‍ പാസാക്കാന്‍ ലോക്സഭാ സമ്മേളനം രാത്രിവരെ നീട്ടിയിരുന്നു. രാജ്യസഭ അംഗീകരിച്ച ഭേദഗതികളൊന്നും അനുവദിക്കില്ളെന്ന നിലപാട് കൈക്കൊണ്ട കേന്ദ്ര സര്‍ക്കാര്‍ അവ തള്ളിക്കളയണമെന്ന് ലോക്സഭയോട് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഈ ആവശ്യം വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭ പാസാക്കി.
കേന്ദ്ര സര്‍ക്കാറിന് ഒരിക്കല്‍കൂടി ഉപരിസഭയില്‍ തിരിച്ചടി നല്‍കാനായെങ്കിലും ആധാര്‍ ബില്‍ ധനവിനിയോഗബില്‍ ആക്കി അവതരിപ്പിച്ചതിനാല്‍കൊണ്ടുവന്ന വിവാദ വ്യവസ്ഥകളെല്ലാം നിലനിര്‍ത്താന്‍  മോദി സര്‍ക്കാറിന് കഴിഞ്ഞു.
ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന ആധാര്‍ ബില്ലിലെ മൂന്ന് (ഒന്ന്) വ്യവസ്ഥയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദള്‍ യുവും ചേര്‍ന്ന് ആദ്യമായി ഭേദഗതി ചെയ്തത്. അതിന് പകരമായി, സ്വയം സന്നദ്ധമായി ആധാര്‍ കാര്‍ഡ് എടുത്താല്‍ മതിയെന്നും നിര്‍ബന്ധമാക്കരുതെന്നുമാണ് ജയറാം രമേശ് കൊണ്ടു വന്ന ഭേദഗതി. ചില സബ്സിഡികളും സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന ബില്ലിലെ ഏഴാമത്തെ വ്യവസ്ഥയാണ് പ്രതിപക്ഷം രണ്ടാമത്തെ ഭേദഗതി വരുത്തിയത്. ആധാറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചുവെച്ച ബയോ മെട്രിക്  അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ രാജ്യരക്ഷക്കും മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കും ആര്‍ക്കും വിട്ടുകൊടുക്കാന്‍ ജില്ലാ ജഡ്ജിയെ അധികാരപ്പെടുത്തുന്ന 33(ഒന്ന്), 33(രണ്ട്) വ്യവസ്ഥകള്‍ രണ്ടും ഒരുമിച്ചാണ് രാജ്യസഭ തുടര്‍ന്ന് ഭേദഗതി ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close