പൊലീസുകാരന്‍ ബൈക്കിന്റെ രേഖകള്‍ ചോദിച്ചു; റോയല്‍ എന്‍ഫീല്‍ഡ് അഗ്‌നിക്കിരയാക്കി പാല്‍വില്‍പ്പനക്കാരന്‍

വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ച പൊലീസുകാരന്റെ മുന്നിലിട്ട് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് കത്തിച്ച് പാല്‍വില്‍പ്പനക്കാരന്‍. ഹരിയാനയിലെ പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപമാണ് സംഭവം. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ബൈക്കിലെ തീ ഉടന്‍ തന്നെ അണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ആളികത്തുന്ന ബൈക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 30 വയസ്സ് തോന്നിക്കുന്ന ആളാണ് ബൈക്കിന് തീയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്കിന്റെ പുറകില്‍ പാല്‍ പാത്രം കെട്ടിവെച്ച ഇയാളെ ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. പൊലീസ് ഇയാളോട് വണ്ടിയുടെ പേപ്പറുകള്‍ ചോദിച്ചു. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു.

നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ഓം നമ ശിവായ എന്നാണ് എഴുതിയിരുന്നത്. ഇയാള്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇയാളോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കോപിതനായ യുവാവ് പൊലീസിന്റെ മുന്നിലിട്ട് ഫ്യുയല്‍ പൈപ്പ് ഉരി മാറ്റി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കത്തിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് അഗ്നി ശമന സേനയെത്തിയാണ് തീയണച്ചത്.

പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലന്നും ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Show More

Related Articles

Close
Close