ചിദംബരത്തിനെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

എയര്‍സെല്‍-മാക്‌സിസ് കേസില്‍ പി ചിദംബരത്തിനെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി ചിദംബരം, കാര്‍ത്തിക് ചിദംബരം എന്നിവരുള്‍പ്പെടെ പതിനെട്ട് പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നത്. കേസ് ജൂലൈ 31ന് കോടതി വീണ്ടും പരിഗണിക്കും.

കേസില്‍ പി. ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി നീട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ചിദംബരത്തിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികരണമറിയിക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം തേടി. കേസില്‍ ചിദംബരത്തിന്റെ മകനും ഐ.എന്‍.എക്‌സ് മീഡിയ കേസിലെ പ്രതിയുമായ കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ ജൂണ്‍ 25ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഫെബ്രുവരിയില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ചിലാണ് ജാമ്യം ലഭിക്കുന്നത്. ഐ.എന്‍.എക്‌സ് മീഡിയ ലിമിറ്റഡിന് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി സ്വാധീനമുപയോഗിച്ച് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ(എഫ്.ഐ.ബി.പി) അനുമതി ലഭ്യമാക്കി നല്‍കുന്നതിന് പ്രതിഫലമായി പണം കൈപ്പറ്റിയെന്നാണ് കേസ്. 2007ല്‍ പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവം. അതേസമയം,  അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി മെയ് 30ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ അഞ്ച് വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന്  ഇഡിക്കു മുന്നില്‍ ഹാജരാക്കാന്‍  ചിദംബരത്തിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

Show More

Related Articles

Close
Close