‘അജയ്യ ഭാരതം, അടല്‍ ബി.ജെ.പി’ യെന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക്  പുതിയ മുദ്രാവാക്യം. അജയ്യ ഭാരതം, അടല്‍ ബിജെപി’ എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടിയെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെ പിടിച്ചു കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കുള്ള ആദരവ് കൂടിയാണ് പുതിയ മുദ്രാവാക്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അജയ് ഭാരത് എന്നാല്‍ അജയ്യ ഭാരതം അടല്‍ ബിജെപിയെന്നാല്‍ അടിയുറച്ച ബിജെപി. അച്ഛേ ദിന്‍ അഥവാ ഇന്ത്യയ്ക്ക് ഇനി വരാന്‍ പോകുന്നത് നല്ല ദിനങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്.പുതിയ മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രഖ്യാപിച്ചത്.

ബിജെപി ഈ തത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന കാലത്തോളം ഇന്ത്യയെ കീഴ്പ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനെ അടക്കം പ്രതിപക്ഷത്തെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുടെ സഖ്യങ്ങള്‍ക്കോ ഇല്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു.

സര്‍ക്കാര്‍ എന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലും പൂര്‍ണമായി പരാജയപ്പെട്ടവരാണ് കോണ്‍ഗ്രസ്. പരസ്പരം മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലണ്. പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വെല്ലുവിളിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ നില്‍ക്കാന്‍ അപര്യാപ്തരാണ്. കോണ്‍ഗ്രസ് നുണകളുടെ പുറത്താണ് യുദ്ധം നടത്തുന്നത്. നയങ്ങളുടെ പേരില്‍ ബിജെപി പൊരുതാന്‍ തയ്യാറാണ്. പക്ഷെ നുണകളുടെ പേരില്‍ പോരാടാന്‍ തങ്ങള്‍ക്ക് അറിയില്ലെന്നും മോദി പറഞ്ഞതായി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ഇനിയൊരു 50 വര്‍ഷത്തേക്ക് അധികാരത്തിലേക്ക് തിരികെ എത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട. ചെറുപാര്‍ട്ടികള്‍ പോലും സഖ്യത്തില്‍ കോണ്‍ഗ്രസിനെ നേതൃനിരയിലേക്ക് വരാന്‍ അനുവദിക്കില്ല. അഴിമതി മാത്രമാണ് അവരുടെ ലക്ഷ്യം. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യം, ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവര്‍ത്തനങ്ങളെന്ന് മോദി ചൂണ്ടിക്കാട്ടി.
അടുത്ത 50 വര്‍ഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷായും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി അനായാസ വിജയം നേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അതിന് പരിശ്രമിക്കുന്നുണ്ട്. വെറുപ്പിനെ അടിസ്ഥാനമാക്കിയല്ല, കേന്ദ്ര സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും അടിസ്ഥാനമാക്കിയാണ് ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള പ്രവചനം. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും അവിടെ പാര്‍ട്ടി തോറ്റിട്ടില്ല. അതു ബിജെപിയുടെ ഭരണമികവു കൊണ്ടാണെന്നു’ ഷാ പറഞ്ഞതായി രവിശങ്കര്‍ വ്യക്തമാക്കി.

 

Show More

Related Articles

Close
Close