ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം വേണമെന്ന് അമീര്‍

അസമിലുള്ള ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്കു ബന്ധുക്കളോടു സംസാരിക്കാനുള്ള അവസരത്തിനു വേണ്ടി അപേക്ഷ നല്‍കാന്‍ ജഡ്ജി എന്‍.അനില്‍കുമാര്‍ നിര്‍ദേശിച്ചു. പ്രതിക്കു വേണ്ടി ഹാജരാകാന്‍ മജിസ്‌ട്രേട്ട് കോടതി ചുമതലപ്പെടുത്തിയ അഡ്വ. പി.രാജനോടു കേസില്‍ തുടര്‍ന്നും ഹാജരാകാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

ദലിത് പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍ നടപടികള്‍ ഇന്നലെ മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയിരുന്നു. ഇതുവരെ കേസ് കൈകാര്യം ചെയ്ത കുറുപ്പംപടി മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെ പ്രതി അമീറിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. കാലാവധി തീര്‍ന്നതോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കി 27 വരെ റിമാന്‍ഡ് നീട്ടിയത്.

അമീറിനെതിരെ ദലിത് പീഡന നിരോധന നിയമപ്രകാരം കേസെടുത്തതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ദിവസം 60 ആയി കുറഞ്ഞു. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത ഈ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്കു സോപാധിക ജാമ്യം ലഭിക്കാന്‍ അവസരമുണ്ട്.

Show More

Related Articles

Close
Close