ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

cinematographer Anandakuttan passed away
cinematographer Anandakuttan passed away

മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയുടെ അണിയറയില്‍ നിറഞ്ഞുനിന്ന ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയില്‍ ഇന്നലെ രാവിലെ 10.30-നായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി രണ്ടുവര്‍ഷത്തോളം ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലിനെത്തുടര്‍ന്ന്‌ ഇന്നലെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 10.30-ന്‌ രവിപുരം ശ്‌മശാനത്തില്‍. ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ട്‌ കുടുംബാംഗമാണ്‌. എറണാകുളത്ത്‌ കടവന്ത്ര പഞ്ചവടി അപ്പാര്‍ട്ട്‌മെന്റിലാണു ദീര്‍ഘകാലമായി താമസം. ഭാര്യ: ഗീതാമണി. മക്കള്‍: എ. ശ്രീകുമാര്‍ (സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍, ബംഗളുരു), നീലിമ ആനന്ദ്‌, കാര്‍ത്തിക ആനന്ദ്‌. മരുമക്കള്‍: പ്രിയ പിള്ള, വി. ഹരികൃഷ്‌ണന്‍, ജയദേവ്‌ മേനോന്‍.
1977ല്‍ പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത മനസിലൊരു മയില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഛായാഗ്രാഹകനായി കരിയര്‍ ആരംഭിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക്‌ ആനന്ദക്കുട്ടന്‍ ക്യാമറ ചലിപ്പിച്ചു. ഭരതം, സദയം, മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ഹിസ്‌ െഹെനസ്‌ അബ്‌ദുള്ള, ആകാശദൂത്‌, കമലദളം, മണിച്ചിത്രത്താഴ്‌, അനിയത്തിപ്രാവ്‌, ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച വാണിജ്യ സിനിമകള്‍ക്കു പിന്നില്‍ ആനന്ദക്കുട്ടനുണ്ടായിരുന്നു. തമിഴ്‌ സംവിധായകന്‍ രാധാകൃഷ്‌ണന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത തമിഴ്‌ സിനിമയാണ്‌ ഏറ്റവും അവസാനമായി ചെയ്‌തത്‌. സംവിധായകരായ സിബി മലയില്‍, ബി. ഉണ്ണിക്കൃഷ്‌ണന്‍, സിദ്ദിഖ്‌, കലാസംവിധായകന്‍ മനു ജഗത്ത്‌, നടന്മാരായ കുഞ്ചാക്കോ ബോബന്‍, സാദിക്ക്‌ തുടങ്ങിയ പ്രമുഖര്‍ ഇന്നലെ ആശുപത്രിയിലും വീട്ടിലുമായി ആനന്ദക്കുട്ടന്‌ അന്തിമോപചാരമര്‍പ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close