നോട്ടിസിലെ തെറ്റ് എങ്ങനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് കലക്ടര്‍ അനുപമ

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് നടത്തുന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കു നല്‍കിയ നോട്ടീസില്‍ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടര്‍ ടി.വി. അനുപമ പറഞ്ഞു. തിരുത്തിയ നോട്ടീസാണു രണ്ടാമതു നല്‍കിയത്. ആദ്യത്തെ നോട്ടീസ് പിന്‍വലിക്കാന്‍ തയാറായിരുന്നു. സര്‍വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടീസില്‍ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാം. തെറ്റു വന്നതില്‍ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടീസിലെ സര്‍വേ നമ്പറില്‍ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടാമത്തെ നോട്ടീസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ അനുപമയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടീസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു.

Show More

Related Articles

Close
Close