റോഹിങ്ക്യന്‍ കൂട്ടക്കൊലകള്‍ വാര്‍ത്തയാക്കിയ റോയിട്ടേഴ്സ് ലേഖകരെ ജയിലിലടച്ച നടപടി; മ്യാന്‍മറില്‍ പ്രതിഷേധവുമായി ‘അറസ്റ്റ് മീ ടൂ ക്യാമ്പയിന്‍’

മ്യാന്‍മര്‍ പട്ടാളവും ഭരണകൂടവും നടത്തിയ റോഹിങ്ക്യന്‍ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷണം നടത്തിയ രണ്ട് റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകരെ കോടതി ഏഴു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ച സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ‘അറസ്റ്റ് മീ ടൂ’ എന്ന ഹാഷ്ട് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിനും ശക്തമാകുകയാണ്.

അന്വേഷണത്തിനു വേണ്ട വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെങ്കില്‍ എന്നെയും അറസ്റ്റു ചെയ്യൂ’ എന്ന സന്ദേശത്തിനൊപ്പമാണ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് മീ ടൂ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഇതിനോടകം ‘അറസ്റ്റ് മീ ടൂ’ ക്യാമ്പയിന്‍ വലിയ പ്രചാരണം നേടി കഴിഞ്ഞു.

മ്യാന്‍മറിലെ 83 പ്രാദേശിക മാധ്യമപ്രവര്‍ത്തക കൂട്ടായ്മകളും സ്ത്രീസംരക്ഷണ-യുവജന സംഘടനകളും സംയുക്തമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മ്യാന്‍മറില്‍ പലയിടങ്ങളിലും പ്രതിഷേധറാലിയും നടന്നു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധക സൂചകമായി രാജ്യത്തെ പ്രമുഖ പത്രമായ ‘7 ഡെയ്‌ലി’ തങ്ങളുടെ ഒന്നാംപേജ് കറുത്ത പശ്ചാത്തലത്തില്‍ ഒഴിച്ചിട്ടു. പത്രത്തെ തുളച്ചുകയറുന്ന കത്തിയുടെ ചിത്രത്തിനൊപ്പം ‘അടുത്തതാര്’ എന്ന ചോദ്യവും 7 ഡെയ് ലി ഒന്നാംപേജില്‍ ഉന്നയിച്ചു.

റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകരായ 32 കാരനായ വാ ലോണ്‍, 28 കാരനായ ക്യോ സോ എന്നിവരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മ്യാന്‍മര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരെ കോടതി ഏഴുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം) ലംഘിച്ചുവെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ എന്നാണ് കോടതി നിരീക്ഷണം.

മ്യാന്‍മര്‍ പൊലീസ് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി അവരെ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണം. റൊഹിങ്ക്യന്‍ കൂട്ടക്കൊലകളെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ഭരണകൂട ഇടപെടലുകളാണ് ഇവയൊക്കെ എന്നാണ് വിമര്‍ശനങ്ങള്‍.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള ഓഗ് സാങ് സൂചി ഭരിക്കുന്ന മ്യാന്‍മറില്‍ എന്തുകൊണ്ടാണ് ഇത്തരം നടപടികള്‍ തുടര്‍ക്കഥ ആകുന്നതെന്ന ചോദ്യമാണ് അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്നത്. നേരത്തെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം തലവന്‍ ഉള്‍പ്പെടെ സൂചിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. റോഹിങ്ക്യകളുടെ പേര് പറയാന്‍ പോലും മനുഷ്യാവകാശ പ്രവര്‍ത്തക എന്ന് സ്വയം അവകാശപ്പെടുന്ന സൂചി തയ്യാറാകുന്നില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതു മുതല്‍ ഇവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ മ്യാന്‍മറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എങ്കിലും കേട്ടഭാവം രാജ്യം ഇതുവരെ നടിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ‘അറസ്റ്റ് മീ ടൂ’ ക്യാമ്പയിനുമായി മുന്നോട്ട് പോകുന്നത്.

Show More

Related Articles

Close
Close