വിജയ് മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2014 നു ശേഷം താന്‍ വിജയ് മല്യയ്ക്ക് അപ്പോയ്ന്‍മെന്റ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം വിജയ് മല്യ രാജ്യസഭ മെമ്പര്‍ ആയിരിക്കെ താന്‍ രാജ്യസഭാ ഹാളില്‍ നിന്നും പുറത്തിറങ്ങി റൂമിലേക്ക് നടക്കവേ തന്നോട് സംസാരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പിനുള്ള ഓഫറുകള്‍ പറഞ്ഞപ്പോള്‍ അത് ബാങ്ക് അധികൃതരുമായി സംസാരിക്കാനാണ് താന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കൈകളിലുള്ള പേപ്പറുകള്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായില്ലെന്നും വിജയ് മല്യ തന്റെ അധികാരം ദുര്‍വിനയോഗം ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യ വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് തന്റെ നിര്‍ദ്ദേശങ്ങള്‍ ധനകാര്യമന്ത്രിക്ക് മുമ്പില്‍ അറിയിച്ചിരുന്നുവെന്നും ലണ്ടനില്‍ വെസ്റ്റ്മിന്‍സിറ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സാസാരിക്കവെയാണ് വിജയ് മല്യ പറഞ്ഞത്.

വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുമ്പ് ആരോപിച്ചിരുന്നു. എന്നാല്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല.

Show More

Related Articles

Close
Close