കുടുംബാധിപത്യത്തിന് തിരിച്ചടിയേറ്റ് തുടങ്ങിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

രണ്ടു സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

കോണ്‍ഗ്രസിനെ നയിക്കുന്ന കുടുംബത്തിലെ നിലവിലെ പ്രതിനിധിക്ക് പാര്‍ട്ടിയെയോ രാജ്യത്തെയൊ നയിക്കാനുള്ള കഴിവില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതിപക്ഷത്തിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിന് തിരിച്ചടിയേറ്റുതുടങ്ങിയെന്നും കുടുംബാധിപത്യത്തെ പിന്തുണയ്ക്കുന്ന ആള്‍ക്കൂട്ടം മാത്രമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് സാധാരണക്കാരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്തത് ബി.ജെ.പിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. മികച്ച നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരുന്നതിന് പകരം കുടുംബാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്വാഭാവികമായും തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു

Show More

Related Articles

Close
Close