Trending

അനുഗ്രഹ വർഷം ചൊരിഞ്ഞ് ആറ്റുകാൽ പൊങ്കാല.

വ്രതശുദ്ധിയുടെ നിറവിൽ ആറ്റുകാലമ്മയ്‍ക്ക് പൊങ്കാലയർപ്പിച്ച ഭക്തർക്ക് ആത്മനിർവൃതിയോടെ മടക്കം. രാവിലെ 10.15 ന് ശ്രീകോവിലിൽ നിന്നും തന്ത്രി കൈമാറിയ ദീപം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പിന്നാലെ പണ്ടാര അടുപ്പിലേക്കും പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി എന്‍. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് ഈ ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിക്കാനായി കൊണ്ടുപോയി. ഇതേ ദീപം ഉപയോഗിച്ച്  വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകര്‍ന്നതോടെ ഭക്തര്‍ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി.

കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആള്‍ക്കാള്‍ പങ്കെടുക്കുകയും ചെയ്യുന്നു. കുറേ അധികദിവസത്തെ ഉത്സവപരിപാടികളാണ് വര്‍ഷംതോറും നടക്കുന്നത്.

പൃഥ്വി, അപ്, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലം-പൃഥ്വി, ജലം-ആപ്, സൂര്യപ്രകാശം-അഗ്നി, തേജസ്സ്, കാറ്റ്-വായു, തുറന്ന അന്തരീക്ഷം-ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്.

നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം.  ഉത്സവത്തിന്റെ ചടങ്ങുകളായ താലപ്പൊലി, കുത്തിയോട്ടം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടുകളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും പ്രാര്‍ത്ഥനാ മനോഭാവം ശ്രേഷ്ഠം തന്നെയാണ്. അതുപോലെ ഉത്സവദിവനങ്ങളില്‍ നടക്കുന്ന തോറ്റംപാട്ടും ദേവിയുടെ അനുഗ്രഹത്തിനു വേണ്ടിയുള്ള യത്‌നമാണ്.

സമീപകാലത്ത് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അനേകം കലാപരിപാടികള്‍ ക്ഷേത്രം അധികാരികള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. അനേകം മാസങ്ങളിലെ സന്നാഹമാണ് അധികാരികള്‍ നിര്‍വഹിച്ചു പോരുന്നത്. ക്ഷേത്രത്തിന്റെ വകയായി പ്രസിദ്ധീകരിച്ചുപോരുന്ന അംബാ പ്രസാദം എന്ന ആദ്ധ്യാത്മിക മാസികയുടെ വിശേഷാല്‍ പ്രതിയും ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇങ്ങനെ ബഹുമുഖമായ ഒരുക്കങ്ങള്‍ ചെയ്ത് സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവത്തില്‍ ഭാഗഭാക്കാവുന്ന എല്ലാവരുടെയും മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഒന്നുമാത്രമാണ്.

‘സര്‍വ്വമംഗള മംഗല്യേ

ശിവേ സര്‍വ്വാര്‍ത്ഥ സാധികേ

ശരണേ്യത്ര്യംബകേ ദേവീ

നാരായണീ നമോസ്തുതേ’.

 

Show More

Related Articles

Close
Close