അയോധ്യയിലെ തര്‍ക്കഭൂമി; പുതിയ നിരീക്ഷകരെ നിയമിക്കാന്‍ അലഹബാദ് കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച് പുതിയ നിരീക്ഷകരെ നിയമിക്കാന്‍ അലഹബാദ് കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. രണ്ട് നിരീക്ഷകരെ അധികമായി നിയമിക്കാനാണ് അലഹബാദ് കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. നേരത്തെ അയോധ്യ തര്‍ക്കഭൂമിയില്‍ നിന്നു നിശ്ചിത അകലത്തില്‍ മുസ്ലീം മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. ബാബറി മസ്ജിദ് ഭൂമിയുടെ അവകാശം തങ്ങളുടേതാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു.

അയോധ്യ ഭൂമിയുടെ അവകാശത്തെ ചൊല്ലി നിരവധി പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അതിവേഗ കോടതിക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനായി അയോധ്യയില്‍ വീണ്ടും കല്ലുകള്‍ കൊണ്ടു വന്നതായും നേരത്തെ റിപ്പോര്‍ട്ടു ചെയ്കതിരുന്നു.  വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മൂന്നു ലോറികളിലായി ചുവന്ന കല്ലുകള്‍ എത്തിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയിലെ രാംസേവക് പുരത്താണ് കല്ലുകള്‍ എത്തിച്ചത്. ക്ഷേത്രനിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനായി വിഎച്ച്പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി ഇവിടെ എത്തിച്ചിരിക്കുന്ന കല്ലുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന ജോലി നടന്നുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Show More

Related Articles

Close
Close