മുന്‍ മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് തുടരുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

തൊടുപുഴയിലെ മകളുടെ വീട്ടിലും പാലാരിവട്ടത്തുള്ള മറ്റൊരു മകളുടെ വീട്ടിലും റെയ്ഡ് തുടരുകയാണ്. ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. മോഹനന്‍ എന്നയാള്‍ തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പണം എവിടെനിന്നു കിട്ടി, ബാബുവുമായുള്ള ബന്ധം എന്നിവയാണ് അന്വേഷിക്കുന്നത്.

ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു.

Show More

Related Articles

Close
Close