പിണറായിക്കെതിരെ കെ.ബാബു

k babuലാവ്ലിന്‍ ഇടപാടില്‍  പിണറായി വിജയന് രണ്ടുകോടി രൂപ വീട്ടില്‍ കൊണ്ടു പോയി കൊടുക്കുവാന്‍ എസ്.എന്‍.സി ലാവലിന്‍ ഏജന്‍റായ ദിലീപ് രാഹുലൻെറ ഒപ്പം പോയ  സുഹൃത്തും ചെന്നൈയിലെ വ്യവസായിയുമായ ദീപക്കിൻറെ മൊഴി കേരളം മറന്നിട്ടില്ല. പിണറായി വിജയനോളം അഴിമതിയുടെ  ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പില്ല എന്നതല്ലേ യഥാര്‍ത്ഥ്യം. ഇത് സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെ ആരോപിക്കുന്നതാണ്. ബാബുവിനെയും മാണിയെയും പോലുള്ളവര്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് പറയുന്ന അഴിമതിയുടെ കുലപതിയായ പിണറായി വിജയന് എൻെറ പേരിൻെറ ആദ്യ അക്ഷരം ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല. സമൂഹത്തില്‍ ഏറ്റവും കെട്ടതും നാറുന്നതും മാത്രം പേറി നടക്കുക എന്നത് ചിലരുടെ ദുശ്ശീലമാണ്. അതുകൊണ്ടാണ് സരിതയും ബിജു രമേശും മറ്റും അദ്ദേഹത്തിൻെറ മാര്‍ച്ചിനു മാര്‍ഗദര്‍ശികളായി ചൂട്ടുപിടിക്കുന്നത്. തട്ടിപ്പുകാരി സരിതയെ  മാതൃകാ വ്യവസായ സംരംഭകയാക്കാനാണ് സി.പി.എം ശ്രമം. സരിതയിലൂടെ, ബിജു രമേശിലൂടെ മുഖ്യമന്ത്രി കസേരയില്‍ എത്താമെന്നാണ് പിണറായി വിജയന്‍  സ്വപ്നം കാണുന്നത്.

സ്വന്തം അഭിപ്രായത്തില്‍ എത്ര സമയം അദ്ദേഹം ഉറച്ചു നിൽക്കുമെന്ന് പറയാനാകില്ല. വിഴിഞ്ഞം തുറമുഖം ഇവിടെ അനുവദിക്കുകയില്ലെന്ന് ആക്രോശിച്ച പിണറായി വിജയന്‍, പിന്നീട് അത് മാറ്റി പറഞ്ഞത് കേരളം കണ്ടതാണ്. ടി.പി ശ്രീനിവാസനെ പൊതുനിരത്തില്‍ തല്ലിവീഴ്ത്തിയതിനെ ആദ്യം ന്യായീകരിക്കാന്‍ ഒരു ഉളുപ്പുമില്ലാതെ രംഗത്തിറങ്ങിയതും ഇതേ  പിണറായി വിജയന്‍ തന്നെയല്ലേ? പിന്നീടു ജനരോഷം ഉയര്‍ന്നപ്പോള്‍ അതിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായി. നികൃഷ്ടജിവി എന്ന് വിളിച്ചു അധിക്ഷേപിച്ച ബിഷപ്പിൻെറ അരമനയില്‍ അദ്ദേഹം കയറിയിറങ്ങുന്നതും കേരളം കണ്ടതാണ്. അപക്വത അദ്ദേഹത്തിൻെറ രാഷ്ട്രീയ ജീവിതത്തിൻെറ മുഖമുദ്രയാണ്.

കഴിഞ്ഞ 25 വര്‍ഷമായി ജനപ്രതിനിധിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ തട്ടകത്തില്‍ നിന്നാണ്. സമാരാധ്യരായ കമ്മ്യുണിസ്റ്റ് നേതാക്കള്‍ അവരുടെ നിസ്വാര്‍ത്ഥ ജീവിതം കൊണ്ട്  കെട്ടിപ്പടുത്ത പ്രസ്ഥാനമുള്ള കണ്ണൂരിലെ പാര്‍ട്ടികോട്ടകളില്‍ മത്സരിച്ചല്ല തിണ്ണമിടുക്ക് കാട്ടേണ്ടത്. ആ കോട്ടകള്‍ ഈ തെരഞ്ഞെടുപ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു  വീഴുന്നത് കാണാന്‍ പോകുകയാണ്.

അധികാര ദുരമൂത്ത പിണറായി വിജയന് ഏതു ചെകുത്താനെ കൂട്ടുപിടിച്ചായാലും മുഖ്യമന്ത്രി പദത്തിലത്തെണം. അതിനായി ആസൂത്രണം ചെയ്തിരിക്കുന്ന ഇവന്‍റ് മാനേജ്മെൻറ് ഷോയാണ്  യു.ഡി.എഫ് നേതാക്കള്‍ക്ക്  എതിരെ നടക്കുന്ന ഈ വ്യക്തിഹത്യകള്‍. അതിൻറെ തിരക്കഥ തയ്യാറാക്കി കൊടുത്തിരിക്കുന്നത് വൻറ് മാനേജ്മെന്‍റ് കമ്പനിയാണ്. വിവാദങ്ങള്‍ക്ക്  പിന്നാലേ പോകേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ഈ തേജോവധ രാഷട്രീയവുമായി സി.പി.എം പൊയ്ക്കോട്ടേ.  അവര്‍ക്ക്   സര്‍ക്കാര്‍ കീഴടങ്ങിയില്ലെങ്കില്‍ മന്ത്രിമാരെ അവഹേളിക്കും. ജനങ്ങള്‍ക്ക് അത് തിരിച്ചറിയാനാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close