ബാബു ഭരദ്വാജ്‌ അന്തരിച്ചു

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ്‌ (68) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വിദേശത്തുള്ള മകള്‍ എത്തിയശേഷം മറ്റന്നാള്‍ മാവൂര്‍ റോഡ്‌ ശ്‌മശാനത്തില്‍.
കലാപങ്ങള്‍ക്കൊരു ഗൃഹപാഠംഎന്ന നോവലിനു 2006-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1948 ജനുവരി 15-നു കോഴിക്കോടിനടുത്ത്‌ ചേമഞ്ചേരിയില്‍ ഡോ. എം.ആര്‍. വിജയരാഘവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനനം. പൊയില്‍കാവ്‌ ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌, തൃശൂര്‍ എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വകുപ്പില്‍ ഉദ്യോഗസ്‌ഥനായിരുന്നു.
എസ്‌.എഫ്‌.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. സംസ്‌ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്‌. കൈരളി ടിവിയുടെ ക്രിയേറ്റീവ്‌ എക്‌സിക്യൂട്ടീവ്‌, ചിന്ത വാരിക എഡിറ്റര്‍, മീഡിയവണ്‍ പ്രോഗ്രാം ചീഫ്‌ എന്നീ ചുമതലകളും വഹിച്ചു.
രവീന്ദ്രന്‍ സംവിധാനം ചെയ്‌ത ഇനിയും മരിക്കാത്ത ഓര്‍മകള്‍ എന്ന സിനിമയുടെ നിര്‍മാതാവാണ്‌. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത അന്യര്‍ എന്ന സിനിമയില്‍ പാടിയിട്ടുണ്ട്‌. പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ്‌ തിയറ്റര്‍ (ചെറുകഥാസമാഹാരം), പഞ്ചകല്യാണി, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യനഗരങ്ങള്‍ എന്നിവയാണു പ്രധാനകൃതികള്‍. ഭാര്യ: പി.കെ. പ്രഭ. മക്കള്‍: രേഷ്‌മ, താഷി.
Show More

Related Articles

Close
Close