മദ്യവില്‍പന: പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ സമവായത്തിന്

മദ്യവില്‍പനയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ നീക്കം. ദേശീയസംസ്ഥാന പാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പാതയോരങ്ങളിലുള്ള ബിവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടുകയും പുതിയസ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, സര്‍ക്കാരിന് 5000 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്. മാത്രമല്ല, ഇത് വലിയ ക്രമസമാധാന പ്രശ്‌നമായും മാറുകയാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഇപ്പോഴും തുറന്നിരിക്കുന്ന ബിവറേജസ് ഔട്‌ലെറ്റുകള്‍ക്കു മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത് ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമായി മാറുന്ന സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ വ്യാപാരികളും നാട്ടുകാരും ഇതിനെതിരായി പരാതിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ സ്ഥലത്തേയ്ക്ക് ഔട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെതിരെ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ ഔട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കാത്ത് സാഹചര്യവുമുണ്ട്. മിക്കവാറും ഇടങ്ങളില്‍ നാട്ടുകാരുടെ എതിര്‍പ്പിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ജനപ്രതിനിധികളാണെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. കൂടാതെ, തങ്ങള്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍, പുതിയ മദ്യക്കടകള്‍ക്ക് എന്‍ഒസി നല്‍കേണ്ടെന്ന നിലപാട് രാഷ്ട്രീയ തലത്തില്‍ എടുക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സമവായത്തിലൂടെ എതിര്‍പ്പിനെ മറികടക്കുക എന്ന മാര്‍ഗ്ഗം മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളൂ. ഇതിനായി ഭരണപ്രതിക്ഷ കക്ഷികള്‍ കൈകോര്‍ക്കുന്ന സാഹചര്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Show More

Related Articles

Close
Close