ബാര്‍ ദൂരപരിധി കുറച്ചത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് വി.എം. സുധീരന്‍

സര്‍ക്കാരിന്റേത് സമാനതകളില്ലാത്ത ജനവഞ്ചനയാണ്. സര്‍ക്കാര്‍ ബാറുടമകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സുധീരന്‍ പറഞ്ഞു. സമാനമനസ്‌കരായ എല്ലാവരും ചേര്‍ന്ന് ശക്തമായ സമരം നടത്തും. ഈ മാസം 12ന് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും സുധാരന്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സ്‌കൂളുകള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്. 2011 വരെ ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍, 29 ബാറുകള്‍, 813 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 4,730 കള്ളുഷാപ്പ് എന്നിങ്ങനെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നത് 306 സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങളും 30 ബാറുകളും 815 ബിയര്‍വൈന്‍പാര്‍ലറുകളും 4,234 കള്ളുഷാപ്പുകളുമാണ്.

സുപ്രീംകോടതി വിധി വന്നശേഷം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രിത മദ്യവില്‍പന കേന്ദ്രങ്ങള്‍ 281 ആണ്. 25 ബാറുകളും 285 ബിയര്‍വൈന്‍ പാര്‍ലറുകളും 3520 കള്ളുഷാപ്പുകളുമാണുള്ളത്.

Show More

Related Articles

Close
Close