ബാര്‍ കോഴ-മാണിക്കെതിരേ തെളിവില്ലെന്നു വിജിലന്‍സ്‌

K-M-Maniബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ തെളിവില്ലെന്നു വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌. മാണിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്‌ അംഗീകരിക്കണമെന്ന വിജിലന്‍സ്‌ എസ്‌.പി: ആര്‍. സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി അടുത്തയാഴ്‌ച പരിഗണിക്കും. നേരത്തേ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുള്ളതിനാല്‍ തുടരന്വേഷണം സാധ്യമല്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
കെ.എം. മാണിക്ക്‌ 25 ലക്ഷം രൂപ കോഴ നല്‍കിയതിനു തെളിവുണ്ടെന്നാണ്‌ എസ്‌.പി: സുകേശന്‍ നേരത്തേ സമര്‍പ്പിച്ച വസ്‌തുതാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌. മുന്‍ നിഗമനങ്ങള്‍ ശരിയല്ലെന്ന്‌ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വ്യക്‌തമായെന്ന്‌ അദ്ദേഹം വിശദീകരിച്ചു. തന്റെ ആദ്യ കണ്ടെത്തലുകള്‍ തെറ്റായിരുന്നു. സാക്ഷിമൊഴികളും ഇവരുടെ ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ചപ്പോള്‍ അവയില്‍ വൈരുധ്യം കണ്ടെത്തി.
ബാര്‍ ലൈസന്‍സ്‌ പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ അക്കാര്യം മാറ്റിവയ്‌ക്കാന്‍ കെ.എം. മാണി നിര്‍ദേശിച്ചത്‌ നിയമവകുപ്പ്‌ നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണ്‌. ബിസിനസ്‌ റൂള്‍ പ്രകാരം നിയമവകുപ്പിന്റെ അംഗീകാരം തേടേണ്ടതാണ്‌.
പാലായില്‍ മാണിയുടെ വീട്ടില്‍ പണം എത്തിച്ചെന്നതിനു തെളിവുണ്ടെന്നാണ്‌ നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടത്‌. പണം എത്തിച്ചെന്നു മൊഴി നല്‍കിയ ബാറുടമ സജി ഡൊമിനിക്‌ ആ സമയം പൊന്‍കുന്നത്തായിരുന്നു എന്ന്‌ മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീട്‌ കണ്ടെത്തി. എങ്ങനെ സഞ്ചരിച്ചാലും മൊഴിയില്‍ പറഞ്ഞ സമയത്ത്‌ പൊന്‍കുന്നത്തു നിന്ന്‌ പാലായില്‍ എത്തില്ലെന്ന്‌ എസ്‌.പിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മൂന്നാമത്തെ പ്രധാന തെളിവായി കാണിച്ചിരുന്നത്‌ തിരുവനന്തപുരത്ത്‌ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പണം എത്തിച്ചെന്നു പറയുന്ന സംഭവമാണ്‌. ഏപ്രില്‍ രണ്ടിനു രാവിലെ കെ.എം. മാണിയുടെ ഔദ്യോഗിക വസതിയില്‍ വച്ച്‌ ബാറുടമ രാജ്‌കുമാര്‍ ഉണ്ണി 35 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി. പത്തു ലക്ഷം രൂപ ബിജു രമേശ്‌ നല്‍കിയെന്നും ബാക്കി പണം തലേന്നു രാത്രി രാജ്‌കുമാര്‍ ഉണ്ണി ബാറുടമകളായ സുനില്‍, സുരേന്ദ്രന്‍ എന്നിവരില്‍ നിന്നു വാങ്ങി വാഹനത്തില്‍ വയ്‌ക്കുന്നതു കണ്ടുവെന്ന്‌ മൊഴിയുണ്ടായിരുന്നു. പണം എത്തിച്ചെന്നു പറയുന്നതിന്റെ തലേന്നു രാത്രി 8.30-ന്‌ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു
സമീപത്തുവച്ച്‌ 35 ലക്ഷം രൂപ കൈമാറിയെന്ന പ്രധാന മൊഴികളും കളവാണ്‌. പണം നല്‍കിയെന്നു പറയുന്നവരും അതു വാങ്ങിയെന്നു മൊഴി നല്‍കിയവരും ആ സമയത്ത്‌ പഴവങ്ങാടിയില്‍ എത്തിയിരുന്നില്ല. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും എസ്‌.പി. ചൂണ്ടിക്കാട്ടി. ബാറുടമകളുടെ മൊഴിയും മൊബൈല്‍ സിഗ്നലുകളും തമ്മില്‍ പ്രകടമായ അന്തരമുണ്ട്‌. ബാറുടമ ബിജു രമേശ്‌ സമര്‍പ്പിച്ച സിഡിയില്‍ എഡിറ്റിങ്‌ നടന്നതിനാല്‍ തെളിവായി സ്വീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം. നുണപരിശോധനയ്‌ക്ക്‌ പ്രസക്‌തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
മാര്‍ച്ച്‌ 31-ന്‌ 50 ലക്ഷം കൊടുത്തെന്ന ആരോപണത്തിനും തെളിവില്ല. പല പ്രാവശ്യം എഡിറ്റ്‌ ചെയ്‌ത സിഡി വിശ്വാസ്യയോഗ്യമല്ല. എസ്‌.പി. സുകേശന്റെ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശങ്കര്‍ റെഡ്‌ഡി ശരിവച്ച ശേഷമാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close