പോഗ്ബയും ബാഴ്‌സയിലേക്ക്? ആരാധകര്‍ക്ക് മറുപടിയുമായി പരിശീലകന്‍

ഫ്രാന്‍സിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബക്കു വേണ്ടി ബാഴ്‌സ ശ്രമം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസങ്ങളായി ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇത് നിഷേധിക്കാതെ പരിശീലകന്‍ ഏര്‍ണെസ്റ്റോ വാല്‍വെര്‍ദേ രംഗത്തെത്തിയിരിക്കുകയാണ്. പോഗ്ബ ട്രാന്‍സ്ഫര്‍ റൂമര്‍ സത്യമാണെന്ന സൂചന തന്നെയാണ് പരിശീലകന്‍ വാര്‍വെര്‍ദെയും തരുന്നത്. എസി മിലാനെതിരായ മത്സരത്തിനു മുന്‍പാണ് മാധ്യമ പ്രവര്‍ത്തകരോട് നിര്‍ണായക വെളിപ്പെടുത്തല്‍ വാല്‍വെര്‍ദെ നടത്തിയത്.

ലോകകപ്പിനു ശേഷമുള്ള ഒഴിവുകാലം ആഘോഷിക്കാന്‍ അമേരിക്കയിലുള്ള പോഗ്ബയെ ബാഴ്‌സലോണ സ്‌പോര്‍ടിങ്ങ് ഡയറക്ടറും മുന്‍ ഫ്രാന്‍സ് താരവുമായ എറിക് അബിദാല്‍ അടുത്തിടെ രഹസ്യമായി സന്ദര്‍ശിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനു ശേഷമാണ് ഫ്രാന്‍സിന്റെ സൂപ്പര്‍ഹീറോ ബാഴ്‌സയിലേക്കു ചേക്കേറാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ബാഴ്‌സലോണ ആരാധകര്‍ പോലും ഇക്കാര്യം അത്ര വിശ്വാസത്തിലെടുത്തില്ലെങ്കിലും പരിശീലകന്‍ തന്നെ വാര്‍ത്ത സത്യമാണെന്ന സൂചന നല്‍കുകയാണിപ്പോള്‍.

ട്രാന്‍സ്ഫര്‍ ജാലകം ഇതു വരെ അടച്ചിട്ടില്ലെന്നും ഇനിയും താരങ്ങളെ സ്വന്തമാക്കാന്‍ ബാഴ്‌സലോണക്ക് അവസരമുണ്ടെന്നുമാണ് വാല്‍വെര്‍ദേ പറഞ്ഞത്. പോഗ്ബ ഒന്നാന്തരം താരമാണെന്നും മറ്റു ടീമുകളുടെ താരങ്ങളെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ടെന്നും വാല്‍വെര്‍ദെ കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close