നെതന്യാഹു ഇന്ന് ഇന്ത്യയില്‍; കൂടെ 130 അംഗ ബിസിനസ് സംഘവും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ന് ഇന്ത്യയില്‍ എത്തുമ്പോള്‍ ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയതാണ് ഈ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ആറുമാസം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ വരവെന്ന പ്രത്യേകതയുമുണ്ട്. തിങ്കളാഴ്ച അദ്ദേഹം മോദിയെ കാണും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതിനെ അപലപിക്കുന്ന യു.എന്‍ പ്രമേയത്തില്‍ ഇന്ത്യ വോട്ടു ചെയ്തിരുന്നു. ഇത് ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി ഡാനിയല്‍ കാര്‍മണ്‍ പറഞ്ഞു.

കൃഷി, സാങ്കേതികവിദ്യ, ശാസ്ത്രം, ബഹിരാകാശം, ജലം, സംരംഭകത്വം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് മോദിയും നെതന്യാഹുവും ചര്‍ച്ചചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ബി. ബാലഭാസ്‌കര്‍ പറഞ്ഞു. സ്‌പൈക് ടാങ്ക് വേധ മിസൈല്‍ കരാറും ചര്‍ച്ചയായേക്കും. 8000 മിസൈല്‍ വാങ്ങുന്നതിനുള്ള കരാര്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ നടപടി പുനഃപരിശോധിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്രവ്യാപാരക്കരാറും അജന്‍ഡയിലുണ്ടെന്ന് കാര്‍മണ്‍ പറഞ്ഞു. 2016’17ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ 500 കോടി ഡോളറിന്റെ (31,799 കോടി രൂപ) വാണിജ്യമാണ് നടന്നത്. പ്രതിരോധ ഇടപാടുകള്‍ കൂടാതെയാണിത്.

130 അംഗ ബിസിനസ് സംഘത്തിനൊപ്പമാണ് നെതന്യാഹു എത്തുന്നത്. ഗുജറാത്തും മുംബൈയും അദ്ദേഹം സന്ദര്‍ശിക്കും. മുംബൈ ഭീകരാക്രമണത്തില്‍ ഇസ്രയേല്‍ക്കാരായ യഹൂദര്‍ മരിച്ചിരുന്നു. ഛബാഡ് ഹൗസില്‍ നടന്ന ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മോഷെ ഹോള്‍റ്റ്‌സ്‌ബെര്‍ഗെന്ന ബാലനും നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്.

Show More

Related Articles

Close
Close