ബേനസീര്‍ ഭൂട്ടോ വധക്കേസ്: വിചാരണ നേരിടുമെന്ന് മുഷറഫ്

പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസിലെ വിചാരണ നേരിടുമെന്ന് പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫ്.  ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസില്‍ മുഷറഫിനെ കഴിഞ്ഞയാഴ്ച തീവ്രവാദ വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് കേസിലെ വിചാരണ നേരിടുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ വിചാരണ നേരിടാന്‍ പാകിസ്താനില്‍ മടങ്ങിയെത്തുമെന്നുമാണ് മുഷറഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

2007 ല്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിലും വെടിവെപ്പിലും ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് മുഷറഫിനെതിരെ ചുമത്തിയിട്ടുള്ളത്. ദുബായിലുള്ള മുഷറഫ് വിചാരണയ്ക്ക് എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് തീവ്രവാദ വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി മുഷറഫിനെ പ്രഖ്യാപിച്ചത്. കേസില്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മറ്റെല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ബേനസീര്‍ വധത്തിലും ഗൂഢാലോചനയിലും പങ്കുള്ള താലിബാന്‍ ഭീകരരെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചുപേരെയാണ് കോടതി വെറുതെവിട്ടത്. റാവല്‍പിണ്ടി മുന്‍ സി.പി.ഒ സൗദ് അസീസ്, റാവല്‍ ടൗണ്‍ മുന്‍ എസ്.പി ഖറം ഷഹ്സാദ് എന്നിവര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

Show More

Related Articles

Close
Close