യുവന്റസില്‍ വീണ്ടും തലകുനിച്ച് റോണോ; കുതിച്ച് ചാടി ബെന്‍സിമ

വെറും മൂന്നു മത്സരങ്ങളിലെ പ്രകടനം കൊണ്ടു മാത്രം ഒരു താരത്തെ അളക്കാനാവില്ല. അതും റോണോയെ പോലൊരു താരത്തെ. ഇറ്റാലിയന്‍ ലീഗിലേക്കു ചേക്കേറിയ റൊണാള്‍ഡോയുടെ തീരുമാനം തെറ്റായിപ്പോയോയെന്ന് ഇപ്പോള്‍ ആരാധകര്‍ സംശയിക്കുന്നുണ്ടാകും. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പൊന്നും വില കൊടുത്തു വാങ്ങിയ സൂപ്പര്‍ താരം റൊണാള്‍ഡോക്ക് ഒരു തവണ പോലും വലകുലുക്കാനായില്ലെന്നത് ആശങ്കയോടെയാണ് ആരാധകര്‍ കാണുന്നത്.

അര്‍ദ്ധാവസരങ്ങളിലും ലോംഗ് റേഞ്ച് ഷോട്ടുകളിലും ഗോള്‍ നേടാന്‍ കഴിവുള്ള താരം ഇറ്റാലിയന്‍ ടീമുകളുടെ കരുത്തുറ്റ പ്രതിരോധ തന്ത്രങ്ങളില്‍ ഉഴറുന്നുണ്ടെന്നു തന്നെയാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. തുടര്‍ച്ചയായി മൂന്നു തവണ പ്രമോഷന്‍ നേടി ഈ സീസണില്‍ സീരി എയിലെത്തിയ പാര്‍മക്കെതിരെയും ഇന്നലെ വല കുലുക്കാന്‍ താരത്തിനായില്ല. മത്സരത്തില്‍ മാന്‍ഡ്‌സുകിച്ച്, മാറ്റൂഡി എന്നിവരുടെ ഗോളുകള്‍ക്കാണ് യുവന്റസ് വിജയം നേടിയത്.

അതേ സമയം റൊണാള്‍ഡോയില്ലെങ്കിലും റയല്‍ തകര്‍പ്പന്‍ പ്രകടനമാണ് ലാലിഗയില്‍ കാഴ്ച വെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ ലെഗാനസിനെ തകര്‍ത്തത്. റൊണാള്‍ഡോയുടെ അഭാവത്തില്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന ബെന്‍സിമ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗരത് ബെയ്‌ലും സെര്‍ജിയോ റാമോസുമാണ് മറ്റു ഗോളുകള്‍ നേടിയത്.

ഇതോടെ ലാലിഗയില്‍ താന്‍ നേരിട്ട മുപ്പത്തിമൂന്നു ടീമുകള്‍ക്കെതിരെയും ഗോള്‍ നേടി പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ബെന്‍സിമക്കു കഴിഞ്ഞു. റൊണാള്‍ഡോ മുപ്പത്തിരണ്ടു ടീമുകള്‍ക്കെതിരെ നേടിയ ഗോള്‍ നേട്ടത്തിന്റെ റെക്കോര്‍ഡാണ് ബെന്‍സിമ തകര്‍ത്തത്. ലാലിഗയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലു ഗോളുകള്‍ നേടിയ ബെന്‍സിമ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. റൊണാള്‍ഡോയുടെ ലൊപടൂയിയുടെ കീഴില്‍ ലാലിഗ കിരീടത്തിന് കടുത്ത ഭീഷണിയാണ് റയല്‍ ഉയര്‍ത്തുന്നത്.

റയല്‍ വിട്ട തീരുമാനം തെറ്റാണെന്ന് റൊണാള്‍ഡോക്ക് ഒരിക്കലും തോന്നാന്‍ സാധ്യതയില്ലെങ്കിലും അതൊരു വലിയ ശരിയാണെന്നു തെളിയിക്കേണ്ടത് താരത്തിന് അത്യാവശ്യമാണ്. റയല്‍ വിട്ടു യുവന്റസിലേക്കു ചേക്കേറിയതിനു ശേഷം ഒളിഞ്ഞും തെളിഞ്ഞും തനിക്കു നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് റൊണാള്‍ഡോക്ക് മറുപടി നല്‍കിയേ മതിയാകു.യുവന്റസിനു വേണ്ടി ഗോളുകള്‍ നേടാതെ താരത്തിന് അതു തെളിയിക്കാനാവില്ലെന്നതും സത്യമാണ്. എന്നാല്‍ ഏതാനും മത്സരങ്ങളിലെ മാത്രം പ്രകടനം അടിസ്ഥാനമാക്കി റൊണാള്‍ഡോയെ എഴുതിത്തള്ളാനാവില്ലെന്ന കാര്യം ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്.

കഴിഞ്ഞ സീസണില്‍ ഇതു പോലെ പതര്‍ച്ചയില്‍ തുടങ്ങിയ താരം സീസണിന്റെ പകുതിയില്‍ ഫോം വീണ്ടെടുത്ത് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായാണ് സീസണവസാനിപ്പിച്ചത്. ഈ സീസണിലും സമാനമായൊരു പ്രകടനം താരത്തില്‍ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Show More

Related Articles

Close
Close