ജാസ് ടൂറിസം പ്രതിനിധിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിന്വയലിപ്പിക്കാന് ഇദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്.
അതേസമയം ദുബൈയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിനോയ് രംഗത്തെത്തി. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു. തനിക്കെതിരെ പരാതി ഇല്ല. ദുബൈയില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തുകയാണ് ഇപ്പോള്‍. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിയമസഭയില്‍ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററില്‍ എത്തികയായിരുന്നു. സംഭവത്തില്‍ കോടിയേരി നിലപാട് വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്.
ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പരാതിക്കാര്‍. പ്രശ്നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് വിവരം. നേതാവിന്റെ മകന് നല്കിയ ചെക്കുകള്‍ മടങ്ങുകയും ആള് ദുബൈ വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന. തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബൈയില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകന് ഒരു വര്‍ഷത്തിലേറെയായി ദുബൈയില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ.
മകന്റെ നടപടിയെക്കുറിച്ച് കൊടിയെരിയുമായി നേരത്തെ തന്നെ ചില ദൂതന്മാര് ചര്‍ച്ച നടത്തിയിരുന്നു എന്നാണ് സൂചനകള്‍. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.
തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന് കഴിഞ്ഞ മേയ് 16നു നല്കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബൈ കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന് നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്കിയ ഉറപ്പ്.