പിറന്നാള്‍ ദിനത്തില്‍ രണ്ട് സിനിമകള്‍ പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്!

പിറന്നാള്‍ ദിനത്തില്‍ രണ്ട് സിനിമകള്‍ പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബന്. പറവക്ക് ശേഷം സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യു ന്ന ചിത്രമാണ് ആദ്യത്തേത്. സൗബിന്റെ പിതാവ് സാബു ഷാഹിറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഗപ്പി സിനിമ സംവിധാനം ചെയ്ത ജോണ്‍ പോളിന്റെ ചിത്രമാണ് രണ്ടാമത്തേത്. രണ്ട് സിനിമകള്‍ക്കും ഇത് വരെ പേരിട്ടിട്ടില്ല. 2019ലാകും രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുക.
‘പിറന്നാള്‍ ദിനത്തിലെ ഏറ്റവും മികച്ച സമ്മാനം’ എന്നാണ് ചാക്കോച്ചന് ഈ രണ്ട് സിനിമകളെയും വിശേഷിപ്പിച്ചത്. നിവിന്‍ പോളി, കാളിദാസ് ജയറാം, മഞ്ജു വാരിയര്‍, മംമ്ത, അനു സിത്താര, പിഷാരടി, ജോജു തുടങ്ങി നിരവധി താരങ്ങളാണ് ചാക്കോച്ചന് ആശംസകള്‍ നേര്‍ന്നത്.. അള്ള് രാമേന്ദ്രന്, തട്ടിന്‍പുറത്ത് അച്യുതന് എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി പുറത്ത് വരാനുള്ള പുതിയ ചിത്രങ്ങള്‍. ആഷിഖ് ഉസ്മാന് നിര്‍മ്മാണം നിര്‍വഹിക്കുന്ന അള്ള് രാമേന്ദ്രന് വേണ്ടി കാമറ ചലിപ്പിക്കാന്‍ പോകുന്നത് ജിംഷി ഖാലിദ് ആണ്.
കുഞ്ചാക്കോ ബോബന്റെ നായികമാരായി അപര്‍ണ്ണ ബാലമുരളിയും ചാന്ദ്നി ശ്രീധരനും വേഷമിടും .അരികില്‍ ഒരാള്‍, ചന്ദ്രേട്ടന് എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന് നായകനാവുമ്പോള്‍ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ് മാനാണ്. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടിന്‍പുറത്ത് അച്ചുതന് .. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന് ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.