ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിൽ സന്തോഷം , അറസ്റ്റ് ഉണ്ടാകും വരെ സമരം തുടരും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ രൂപതയുടെ ചുമതല താല്കാലികമായി ഒഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകള്‍. ചുമതല മാറ്റം അന്വേഷണത്തന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് സഹായകമാകുമെന്ന് കന്യാസ്ത്രീകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേ സമയം അറസ്റ്റ് ഉണ്ടാകും വരെ സമരം ശക്തമായി തുടരുമെന്നും സമര നേതാക്കള്‍ അറിയിച്ചു.

ബിഷപ്പ് സ്ഥാനം ഒഴിഞ്ഞെന്ന വാര്‍ത്ത ഹര്‍ഷാരവത്തോടെയാണ് സമര നേതാക്കള്‍ സ്വീകരിച്ചത്. കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന സമരത്തിന്റെ വിജയമാണ് ബിഷപ്പിന്റെ ചുമതല മാറ്റമെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപവാസം ആരംഭിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ നിയമ നടപടി ആരംഭിച്ചെന്നും സമര നേതാക്കള്‍ അറിയിച്ചു. സമരത്തിന്റെ എട്ടാം ദിവസം പിന്നിടുമ്പോള്‍ ക്രൈസ്തവ സഭയില്‍ നിന്നുള്ള കൂടുതല്‍ വിശ്വാസികളുടെ പിന്തുണയാണ് കന്യാസ്ത്രീകള്‍ക്ക് ലഭിക്കുന്നത്.

Show More

Related Articles

Close
Close