19ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തണം; ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് അയച്ചെന്ന് ഐജി വിജയ് സാക്കറെ

ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്. ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. മൊഴികളില്‍ വ്യക്തത വന്നശേഷം മാത്രമേ ശക്തമായ കുറ്റപത്രം നല്‍കാന്‍ കഴിയൂ. അന്വേഷണം നീണ്ടതു മൊഴിയിലെ വൈരുദ്ധ്യം പ്രതിക്ക് അനുകൂലമാകാതിരിക്കാനാണ്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു. അന്വേഷണ സംഘം ബിഷപ്പിന് ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിിക്കും ചോദ്യംചെയ്യുക.

അതേസമയം, കന്യാസ്ത്രീകളുടെ പീഡന പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പറഞ്ഞു. കന്യാസ്ത്രീമാരുടെ സമരം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സഭാവിരുദ്ധ ശക്തികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് തന്റെ മൊഴിയും കന്യാസ്ത്രീകളുടെ മൊഴിയും എടുത്തിരുന്നു. എന്നാല്‍, അതിനെക്കുറിച്ച് പഠിക്കാന്‍ പോലും കേരളാ പോലീസിന് സമയം നല്‍കുന്നില്ല. തന്റെ മൊഴിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സമയമെങ്കിലും പോലീസിന് നല്‍കണം. എങ്കിലേ തനിക്ക് നീതി ലഭിക്കൂ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു

Show More

Related Articles

Close
Close