മാധ്യമപ്രവര്‍ത്തകരെ കാര്യമായി ശ്രദ്ധിക്കണം; തിരഞ്ഞെടുപ്പിനു മുമ്പ് എം.പി- എം.എല്‍.എമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി

പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ബിജെപി. ഓഫിസിലെത്തി കാര്യങ്ങള്‍ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കാര്യമായി ശ്രദ്ധിക്കണമെന്നും അനാദരവ് കാട്ടരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരുടെ നീക്കങ്ങള്‍ ഗൗരവമായി ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന ആശയങ്ങള്‍ ഉയര്‍ത്തി കാട്ടുന്നവരുടെ ഡാറ്റ സൂക്ഷിക്കണം എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് പാര്‍ട്ടി പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നത്.

രാജ്യത്തെ എല്ലാ എംപിമാരുടെയും എംഎല്‍എമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരിശീലന ക്ലാസ്സുകള്‍ നല്‍കാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് ഈ ദ്വിദിന ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിര്‍ദ്ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സ്വന്തം ഓഫീസിനെക്കുറിച്ചു മികച്ച പ്രതിച്ഛായയുള്ള വാര്‍ത്തകളെ മാധ്യമങ്ങളില്‍ കൂടി പുറത്തു വരുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങളുമായി ദൈനംദിന ഫോണ്‍വിളികള്‍ നടത്താനും ആവശ്യങ്ങള്‍ പരിഗണിക്കാനും തിരക്കായതിനാല്‍ എംപി, എംഎല്‍എമാര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഓഫിസിന്റെ മുഖവും ഓഫിസും മാധ്യമങ്ങളും പൊതുജനവുമായുള്ള ബന്ധത്തില്‍ പാലമായും വര്‍ത്തിക്കേണ്ടത് നിങ്ങളോരോരുത്തരുമാണെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിര്‍ദ്ദേശങ്ങളടങ്ങിയ 65 പേജുള്ള പുസ്തകം പുറത്തിറക്കാനും പാര്‍ട്ടി തീരുമാനിച്ചു.

Show More

Related Articles

Close
Close