ഇടിമുഴക്കമായി മഞ്ഞപ്പട;സ്വന്തം മണ്ണില്‍ കൊല്‍ക്കത്തയെ തറപറ്റിച്ച് എതിരില്ലാത്ത രണ്ട് ഗോള്‍ ജയം

ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ പൊളിച്ചടുക്കി മഞ്ഞപ്പട. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. മറ്റേജ് പോപ്ലാറ്റ്‌നിക്ക്, സ്ലാവിസ്ല സ്‌റ്റോയാനോവിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ കണ്ടെത്തിയത്. മത്സരത്തിലുടനീളം ഉഗ്രന്‍ പ്രകടനം കാഴ്ച്ച വെച്ച ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ജയമാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേടിയത്.

ആദ്യ പകുതിയില്‍ മുന്നേറിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ ചെറുത്തു നില്‍ക്കുന്നതില്‍ എടികെ വിജയിച്ചു. നിരവധി അവസരങ്ങളുണ്ടാക്കിയെടുക്കാന്‍ സാധിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പന്ത് എടികെയുടെ ഗോള്‍വര കടത്താന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ തന്ത്രം മാറ്റിയിറങ്ങിയ കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു.

76ാം മിനുട്ടിലാണ് മത്സരത്തില്‍ ആദ്യ ട്വിസ്റ്റ്. മറ്റേജ് പോപ്ലാറ്റ്‌നിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള തന്റെ വരവറിയിച്ച നിമിഷമായിരുന്നു അത്. ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ച പോപ്ലാറ്റ്‌നിക്ക് തന്നെയാണ് കളിയിലെ കേമനും. രണ്ടാം ഗോള്‍ പ്രതിരോധ താരം സ്ലാവിസ്ല സ്‌റ്റോയാനോവിച്ചിന്റെ വകയായിരുന്നു.

40,000ല്‍ അധികം കാണികളെ സാക്ഷി നിര്‍ത്തി അഞ്ചാം സീസണ്‍ ഐഎസ്എല്ലിന് തുടക്കമാകുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴസ് പ്രതീക്ഷിച്ചിരുന്നില്ല. മഹാ പ്രളയത്തില്‍ നിന്ന് കരകയറി വരുന്ന കേരളത്തിന് ഇന്നത്തെ ജയം ആവശ്യമാണന്ന് മത്സരത്തിന് മുമ്പ് സികെ വിനീത് പറഞ്ഞത് ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നു.

Show More

Related Articles

Close
Close