മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍

മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53ാം മിനിറ്റില്‍ നെയ്മറും 89ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. നെയ്മർ തന്നെയാണ് ആദ്യ  ഗോളിന് വഴിവച്ച നീക്കത്തിന് തുടക്കമിട്ടത്. ബോക്സിന്റെ അതിരിൽ നിന്ന് പന്ത് വില്ല്യന് ബാക്ക്ഹീൽ ചെയ്തു കൊടുത്ത് ഒറ്റ ഓട്ടം ബോക്സിലേയ്ക്ക്. ഇടതുഭാഗത്ത് നിന്ന് വില്ല്യനെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവൻ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നു. ഈ പന്തിനായി ജീസസും നെയ്മറും കൃത്യമായി തന്നെ ചാടിവീണു. ആളില്ലാ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാനായത് നെയ്മർക്ക്. ബ്രസീൽ മുന്നിൽ (1-0). കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലായിരുന്നു ഫിര്‍മിനോയുടെ ഗോള്‍ . പൗളിന്യോയെ പിന്‍വലിച്ച് 86-ാം മിനിറ്റിലാണ് ഫിര്‍മിനോ കളത്തിലെത്തിയത്. ബോക്‌സിലേക്ക് പന്തുമായി ഓടിയടുത്ത നെയ്മര്‍ പോസ്റ്റിന്റെ ഇടതു മൂല ലക്ഷ്യമാക്കി പന്ത് ചെത്തിയിട്ടു. എന്നാല്‍ ഗോളി ഒച്ചാവോയുടെ ഇടങ്കാലില്‍ തട്ടി പന്ത് നേരെ വന്നത് ഫിര്‍മീനോയുടെ കാലില്‍. ഓടുന്ന ഓട്ടത്തില്‍ തന്നെ ഫിര്‍മിനോ വല ചലിപ്പിച്ചു. ബ്രസീല്‍ 2-0 മെക്‌സിക്കോ.  ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ നെയ്മറും കൂട്ടരും നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോസ്റ്റിന് മുന്നില്‍ ഒച്ചോവയുടെ മിന്നല്‍ നീക്കങ്ങളാണ് ഗോള്‍ വഴങ്ങാതെ മെക്സിക്കോയെ രക്ഷിച്ചത്. പന്തടക്കത്തിലും പാസിലും ബ്രസീലിനൊപ്പം പിടിച്ച പ്രകടനമാണ് മെക്സിക്കോയും പുറത്തെടുത്തത്.

Show More

Related Articles

Close
Close