ബിജെപി മുന്നേറ്റം; യുപിയില്‍ കൈകോര്‍ക്കാന്‍ ബിഎസ്പിയും എസ്പിയും

ഉത്തര്‍പ്രദേശില്‍ സമാജ് വാദി  പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ സഖ്യം രൂപീകരിച്ചേക്കുമെന്നു സൂചന.  സമീപകാലത്തു വരെ ഉത്തര്‍പ്രദേശില്‍ വിരുദ്ധ ധ്രുവങ്ങളിലായിരുന്ന പാര്‍ട്ടികള്‍ ബിജെപി നടത്തുന്ന വന്‍ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കൂട്ടുകെട്ടിനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ വന്‍ വിജയം നേടിയിരുന്നു. ഇതോടെ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചു മല്‍സരിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇതിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ഒന്നിക്കുമെന്നാണു റിപ്പോര്‍ട്ട്. ഗൊരഖ്പുര്‍, ഫൂല്‍പുര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, ആരുമായും ഇതുവരെ ഒരു സഖ്യത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വിശദീകരിച്ചു. എസ്പി സഖ്യവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണു മായാവതി നിലപാട് വിശദീകരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബിഎസ്പി ഇതുവരെ സഖ്യമുണ്ടാക്കിയിട്ടില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ബിഎസ്പിയും എസ്പിയും സഖ്യം രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ് ലക്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മായാവതി വിശദീകരിച്ചു.

ഗൊരഖ്പുരിലും ഫൂല്‍പുരിലും ബിഎസ്പി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്നും തങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ വോട്ടു ചെയ്യുമെന്നും മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സ്ഥാനമൊഴിഞ്ഞ മണ്ഡലങ്ങളാണ് ഇത്. ഇതുവരെ സഖ്യത്തിലേര്‍പ്പെട്ടിട്ടില്ല എന്നു പറയുമ്പോഴും സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Show More

Related Articles

Close
Close