ചാലക്കുടി രാജീവ് വധക്കേസ്: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് കോടതി നിര്‍ദേശിച്ചു. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കൊലപാതകം നടത്താനുള്ള ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

മൂന്ന് പ്രതികള്‍ അഭിഭാഷകനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. രാജീവിനെ പിടികൂടി ചില രേഖകളില്‍ ഒപ്പിടീക്കാന്‍ സിപി ഉദയഭാനുവാണ് നിര്‍ദേശം നല്‍കിയതെന്നാണ് മുഖ്യപ്രതി ജോണിയും രഞ്ജിത്തും പൊലീസിന് നല്‍കിയ മൊഴി. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വിചാരണവേളയില്‍ ഇത് മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിക്കുകയാണെന്നും റിമാന്റ് റിപ്പോര്‍ട്ട് അല്‍പസമയത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട രാജീവിന്റെ അങ്കമാലിയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഡ്വ. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ എത്തിയതായി ദൃശ്യങ്ങളിലുണ്ട്. മറ്റു നിര്‍ണായക തെളിവുകളും പൊലീസിന് ലഭിച്ചു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ചാലക്കുടി ഡിവൈഎസ്പിയെ അഭിഭാഷകന്‍ വിളിച്ചത് നിര്‍ണായക തെളിവാണെന്ന് പൊലീസ്. രാജീവിനെ കൊലപ്പെടുത്തിയ ഉടന്‍തന്നെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനു ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചതെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. ഉദയഭാനുവിന്റെ വിളി പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ചാലക്കുടിക്കടുത്ത പരിയാരം തവളപ്പാറയിലെ വീട്ടില്‍ ഒരാള്‍ മരിക്കാറായിക്കിടപ്പുണ്ടെന്ന് ഉദയഭാനുവാണ് ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ഹമീദിനെ ഫോണില്‍ വിളിച്ചറിയിച്ചത്.

ജോണിയില്‍നിന്നും അഭിഭാഷകനില്‍നിന്നും ഭീഷണിയുണ്ടെന്നു കാണിച്ച് രാജീവ് നല്‍കിയ ഹര്‍ജിയില്‍ ലോക്കല്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് രാജീവിനെതിരായി ഉദയഭാനു മുമ്പ് ഡിവൈ.എസ്.പി.യെ വിളിച്ചിരുന്നു. ഈ ഫോണ്‍വിളികളും റെക്കോഡ് ചെയ്തിട്ടുണ്ട് എന്നാണ് സൂചനകള്‍.

Show More

Related Articles

Close
Close