കുറച്ചുവിലയില്‍ മികച്ച ഫോണുകള്‍

മൊബൈൽ ഫോണുകൾ ഇന്ന് നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. അതിൽ സ്മാർട്ട് ഫോണുകളാണ് സാധാരണ ഇന്ന് ആളുകൾ തിരഞ്ഞെടുക്കുന്നതിൽ അധികവും. എന്നാൽ അതിന്റെ ഫീച്ചറുകൾ 5 ശതമാനം പോലും ഉപയോഗിക്കപ്പെടുന്നുമില്ല.

മിക്കവരുടേയും കൈയിൽ ഐഫോൺ 6+, സാംസംഗം ഗാലക്സി S7, സോണി എക്സ്പീരിയ Z5 തുടങ്ങി നാൽപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള വമ്പൻ ഫോണുകൾ ഉണ്ടെങ്കിലും ഈ നോക്കുകുത്തികൾ ഒരു അലങ്കാരവസ്തുവായാണ് പലരും കൊണ്ടുനടക്കുന്നത്.

ഇൻഡ്യൻ കമ്പനികളും ചൈനീസ് കമ്പനികളും മൊബൈൽ നിർമ്മാണരംഗത്തേക്ക് എത്തിയതോടെ വമ്പൻ സ്രാവുകൾ അവതരിപ്പിക്കുന്ന ഫീച്ചറുകളേക്കാൾ മുന്തിയ ടെക്നോളജിയും ബിൽഡ് ക്വാളിറ്റിയുമോടെ അതിന്റെ നാലിലൊന്ന് വിലയ്ക്ക് സാധാരണക്കാർക്ക് അഫോർഡബിളായ ഫോണുകൾ വിപണിയിൽ സുലഭമാവുകയും കുത്തകകളുടെ അപ്രമാദിത്വം ഏതാണ്ടവസാനിക്കുകയും ചെയ്തു. അത്തരത്തിലുള്ള ചില ഫോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

ഉപഭോക്താക്കൾ, ഉള്ളിലുള്ള ആപ്പുകൾ കാര്യമായി ഉപയോഗിക്കാത്തതുകൊണ്ടാകാം മറ്റു ചില സാങ്കേതിക മേന്മകൾ അവതരിപ്പിച്ച് ഫോണുകൾ രംഗത്തിറങ്ങിയത്. സുരക്ഷയിലായിരുന്നു അതിൽ പല മാറ്റങ്ങളും കണ്ടത്.

റെറ്റിന സ്കാനർ, ഫേസ് ഡിറ്റെക്ഷൻ അൺലോക്, ഫിംഗർ പ്രിന്റ് സ്കാനർ തുടങ്ങി പലവിധം ആപ് ലോക്കുകൾ വരെ ഫോണിൽ സന്നിവേശിക്കപ്പെട്ടു. അതിൽ Finger Print Scanner ആണ് ഇന്ന് ജനകീയമായിരിക്കുന്നത്.

ഫോണുകൾക്കുള്ളിലെ അതീവ രഹസ്യങ്ങൾ തന്റെ വിരൽ തൊട്ടാൽ മാത്രമേ തുറക്കൂ എന്നഭിമാനിക്കുന്ന ‘യൂസർ’ അടിച്ച് ഫ്ലാറ്റ് ആയാൽ ഏതുഭാര്യയ്ക്കും ആ വിരൽ പിടിച്ചുവച്ച് അത് ഓപൺ ചെയ്തെടുക്കാനേയുള്ളൂ എന്ന് ഓർക്കാത്തതുകൊണ്ടോ എന്തോ! ചുരുക്കിപ്പറഞ്ഞാൽ ഇത്തരം അലങ്കാരങ്ങൾ പുറത്ത് പറഞ്ഞു നടക്കാമെന്നതിൽ കവിഞ്ഞ് അത് പറയത്തക്ക പ്രയോജനം എന്തെങ്കിലും തരുമെന്ന് കരുതുകവയ്യ. എങ്കിലും നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും കൂടെയെങ്കിലും ഓടിയില്ലെങ്കിൽ അതൊരു പോരായ്മയായി സ്വയം കരുതാതിരിക്കാൻ ഇത്തരം ഫീച്ചറുകൾ പത്തുപേരുടെ മുൻപിൽ വച്ച് ഉപയോഗിച്ച് തന്റെ ടെക്നോളജിത്വം പ്രൂവ് ചെയ്യേണ്ട ഗതികേടിലാണ് ഇന്ന് ഇതുമായി നടക്കുന്നവർ. അതുകൊണ്ട് അത്തരത്തിൽ അകത്തും പുറത്തും തോരണങ്ങൾ ചാർത്തിയൊരുക്കിയ 10,000 രൂപയിൽ താഴെയുള്ള ചില ഫോണുകൾ ഇവിടെ അവതരിപ്പിക്കുന്നു.

സാങ്കേതികത നെഞ്ചത്ത് കയറിയിരുന്ന് അക്കുത്തിക്കുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെങ്കിലും പ്രോസസറിനേക്കുറിച്ചോ റാമിനെക്കുറിച്ചോ ഓയെസ്സിനെക്കുറിച്ചോ ഒന്നും സാധാരണക്കാർക്ക് വലിയ പിടിയുണ്ടാകില്ല. ‘എനിക്ക് ഐഫോണാ ഉള്ളത്’ എന്നതിനപ്പുറം അതിലെന്ത് കുന്തമാണെന്ന് 99% പേർക്കും നമ്മുടെ നാട്ടിൽ ധാരണയില്ല. ഇതിനെക്കുറിച്ച് അറിയണമെങ്കിൽ അൽപ്പം സാങ്കേതികതയും ചിപ്സെറ്റുകളെക്കുറിച്ചുള്ള ബോധവും വേണ്ടതാണ്.

Nvidia, Exynos, Qualcomm, ARM തുടങ്ങിയവയാണ് പ്രധാനപ്പെട്ട് മൊബൈൽ പ്രോസസറുകൾ. സിംഗിൾ കോറിൽ നിന്നും ഡ്യുവൽ കോറിലേക്കും അതിൽ നിന്നും ഖ്വാഡിലേക്കും തുടർന്ന് ഹെക്സയിലേക്കും ഒക്റ്റയിലേക്കുമുള്ള പരിണാമം വളരെ പെട്ടെന്നായിരുന്നു. ഇത് സാധാരണ ഉപഭോക്താവിനെ ബാധിക്കുന്ന വിഷയമല്ലാത്തതാണെങ്കിലും ഒരൽപ്പം പറഞ്ഞുകൊള്ളട്ടെ.

നാല് കോർ ഉള്ള പ്രോസസറാണ് നമ്മുടെ മൊബൈലിൽ ഉള്ളതെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തിയെ നാലായി തിരിച്ച് കൂടുതൽ വേഗത്തിൽ അത് പൂർത്തിയാക്കുക എന്നതായിരിക്കും അതിൽ നടക്കുക. അത് 8 കോർ ആകുമ്പോൾ ആ ജോലി എട്ടായി ഭാഗിച്ച് ഓരോ കോറിനും ജോലി കൊടുത്ത് നാലുകോർ ചെയ്തു തീർക്കേണ്ട ജോലി അതിന്റെ പകുതി സമയത്ത് ചെയ്തു തീർക്കുകയെന്നതാകും. ഇത് പലപ്പോഴും വാസ്തവവുമായി ചേർന്നു പോകുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. എന്തെന്നാൽ അതിൽ ഉപയോഗിച്ചിരിക്കുന്ന മെമ്മറി ആയിരിക്കും രണ്ട് കേസിലും ഉപയോഗിക്കപ്പെടുന്നത്. അതായത് കോറിന്റെ എണ്ണം കൂടുന്നതുകൊണ്ട് മെമ്മറി കൂടില്ലെന്ന്. അതേപോലെതന്നെ ബാറ്ററിയും.

മൊബൈലിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ കോറിന്റെ എണ്ണമനുസരിച്ച് ജോലിഭാരം തുല്യമായി വീതിച്ച് സംഗതി എളുപ്പമാക്കിത്തീർക്കണം എന്നൊന്നും എഴുതിവയ്ക്കപ്പെടാത്തതുകൊണ്ടും ചുരുക്കിപ്പറഞ്ഞാൽ കോറു കൂടുന്തോറും പെർഫോർമസിൽ ഒരു വലിയ അളവിൽ മാറ്റങ്ങളൊന്നും ദൃശ്യമാകില്ല എന്നർത്ഥം.

ഒരാഴ്ചയായി പട്ടിണി കിടക്കുന്നവന് 8 കൈയും മൂന്നു തലയും ഉണ്ടെന്ന് പറഞ്ഞിട്ട് എന്തു കാര്യം, പൊങ്ങാനുള്ള പാങ്ങുവേണ്ടേ…!? മാത്രമല്ല അതിനനുസൃതമായി റാം കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് കൂടുകയും ചെയ്യും.

ചുരുക്കത്തിൽ നീണ്ട കാൾ ചെയ്യുക ഗെയിം കളിക്കുക തുടങ്ങി ഉയർന്ന തലത്തിൽ പ്രോസസറും റാമും ഉപയോഗിക്കുന്ന സമയത്ത് ഫോൺ അമിതമായി ചൂടാകുകയും ചിലപ്പോൾ ബാറ്ററി ഡ്രെയിനൗട്ട് ആവുകയും ചിലപ്പോൾ ഫോൺ തന്നെ നിന്നു പോവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ ഇപ്പോൾ ഇറങ്ങുന്ന മൊബൈലുകൾ കുറഞ്ഞ ക്ളോക് ഫ്രീക്വൻസിയിൽ 2 മുതൽ 3 വരെ ജി.ബി റാമായി നിജപ്പെടുത്തി ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടി ഈ പ്രശ്നം ഏതാണ്ട് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

കാലക്രമത്തിൽ സാങ്കേതശാസ്ത്രം വികസിക്കുന്നതിനനുസരിച്ച് മൊബൈലിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുകതന്നെ ചെയ്യും. കഴിഞ്ഞ ദിവസം വായിച്ച ഒരു ശാസ്ത്ര ജേണലിൽ ലൈഫ് ടം ഉപയോഗിക്കാവുന്ന ലിഥിയം ബാറ്ററികൾ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു എന്നു കണ്ടു! മാറിക്കൊണ്ടിരിക്കുന്നതാണ് ശാസ്ത്രം, അത് മനുഷ്യൻ വ്യാപകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും മാറ്റപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഡിസ്പ്ളേയിലേക്കാദ്യം നോക്കാം. SD, HD, FHD, QHD തുടങ്ങിയ പിക്സൽ റെസല്യൂഷനുകളാണ് ഇന്ന് മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് (720p, 1080i, 1080p, 1440P). പിക്സൽ വ്യത്യാസപ്പെടുന്നതിനനുസരിച്ച് സ്ക്രീനിന്റെ ദൃശ്യമികവിൽ മാറ്റങ്ങൾ വരുന്നു. ഉയർന്ന പിക്സലുകൾ ഉള്ള ഡിസ്പ്ളേകൾ കൂടുതൽ മിഴിവാർന്നതും വിശദവുമായ കാഴ്ചസുഖം നൽകുന്നു. നിലവിൽ 1920 X 1080 റേസല്യൂഷനോടുകൂടിയ (Full HD) ഡിസ്പ്ളേകളാണ് ഉയർന്ന വിലയുള്ള ഫോണുകളിൽ സാധാരണയായി കണ്ടുവരുന്നത്. ഈ ഡിസ്പ്ളേകൾ തന്നെ പലതരത്തിൽ ഉണ്ടാകും. Thin Film Transistor Technology Liquid Crystal Disply അഥവാ TFT LCD, In-Place Switching അഥവാ IPS LCD ഡിസ്പ്ളേ, Resistive & Capacitive Touchscreen LCD, Organic Light Emitting Diode അഥവാ OLED, Active Matrix Organic Light-Emitting Diode അഥവാ AMOLED, Super AMOLED, Retina Display, Haptic & Tactile Touch Screen തുടങ്ങിയവയാണ് ഇന്ന് കാണുന്ന മൊബൈൽ ഡിസ്പ്ളേകളിൽ ഉപയോഗിക്കപ്പെടുന്നത്. ഞാൻ ഇന്നവതരിപ്പിക്കുന്ന ഫോണുകളെല്ലാം FHD ഡിസ്പ്ളേ ഫോണുകളാണ്.

Lenovo K3 Note

ആൻഡ്രോയ്ഡ് ലോലിപോപ്പ് ആണ് ഒപ്പറേറ്റിങ് സിസ്റ്റം. രണ്ട് സിമ്മുകൾ ഉപയോഗിക്കാൻ കഴിയും. 5.5 ഇഞ്ച് കപാസിറ്റീവ് ടച്ച് സ്ക്രീനാണ്. 64 ബിറ്റ് 1.7 ജിഗാഹേട്സ് കോർട്ടെക്സ് ഒക്റ്റാകോർ പ്രോസസറാണ് ശക്തി. 13 മെഗാപിക്സൽ പ്രധാന കാമഋയ്ക്കും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയ്ക്കും റെസല്യൂഷൻ ഉണ്ട്. 16 ജിബി ആണ് ഇന്റേണൽ സ്റ്റോറേജ് കപാഇസ്റ്റി. അത് 32 മെഗാപിക്സൽ വരെ മൈക്രോ എസ്ഡിയിലൂടെ ഉയർത്താൻ സാധിക്കും. മൈക്രോസിമ്മാണ് ഉപയോഗിക്കേണ്ടത്. 4G, 3G, 2G സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഫ്രിംഗർപ്രിന്റ് സ്കാനർ ഇല്ല. എടുത്തുപറയേണ്ട പ്രത്യേകത Dolby Atmos ടെക്നോളജിയാണ് . സിനിമ, ഗെയിം, ഗാനങ്ങൾ എന്നിവയിൽ ഉയർന്ന നിലവാരത്തിലുള്ള ശബ്ദസുഖം നൽകുന്നു. Vibe UI എന്ന യൂസർ ഇന്റർഫേസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 8 mm മാത്രമേ കനമുള്ളൂ, 150 ഗ്രാം ഭാരവും. 2900mah നീക്കം ചെയ്യാൻ സാധിക്കാത്ത ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. Buletooth v 4.1 ഉം FM ഉം ഇതിലുണ്ട്. 2 GB ആണ് റാം. വളരെയധികം വിറ്റുപോയ ഏറ്റവും ജനപ്രിയമായ മൊബൈൽ ഫോണിൽ ഒന്നാണ് ചൈനീസ് കമ്പനിയായ ലിനോവോയുടെ K3 Note.

വില ഫ്ലിപ്കാർട്ടിൽ 9999 രൂപ.

Coolpad Note 3 Plus
ഒരു കോടിത്തവണ ഫിംഗർപ്രിന്റ് സ്കാൻ ചെയ്യാവുന്ന ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ഫോൺ ആണ് കൂൾപാഡ് നോട്ട് 3. ആൻഡ്രോയ്ഡ് ലോപിപോപ് 5.1 ഉം 64 ബിറ്റ് 1.3Ghz മീഡിയറ്റെക് പ്രൊസസറും 3 ജിബി റാമും 16 ജിബി റോമും 64 ജിബി വരെ എസ്ഡികാർഡ് ഉപയോഗിച്ച് കൂട്ടുകയും ചെയ്യാവുന്ന ഫോണാണിത്. 13 മെഗാപിക്സൽ ബായ്ക് ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ടുക്യാമറയുമുണ്ട് ഇതിൽ. CoolUI 6.0 എന്ന യൂസർ ഇന്റർഫേസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 4G, 3G, 2G സപ്പോർട്ട് ചെയ്യുന്ന, രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണാണിത്. 5.5 ഫുൾ എച്ച്ഡി സ്ക്രീൻ ആണ് ഇതിന്റേത്. 3000mah നീക്കം ചെയ്യാൻ സാധിക്കാത്ത ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 168 ഗ്രാം ഭാരമുള്ള ഫോണിന്റെ കനം 9.30 mm ആണ്. Buletooth v 4.0 ഉം FM ഉം ഇതിലുണ്ട്. വളരെ ജനപ്രിയമായ ഒരു ഫോണാണിത്.

വില ആമസോണിൽ 8999 രൂപ

Xiaomi Redmi Note 3

1.8Ghz Qualcomm Snapdragon 650 64 ബിറ്റ് പ്രോസസറാണ് ഈ Full HD IPS LCD ഡിസ്പ്ളേ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 4050 mah ഹെവിഡ്യൂട്ടി ലിഥിയം പോളിമർ നോൺ-റിമൂവബിൾ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മെറ്റൽബോഡിയാണ്. ചിപ് ലെവൽ സെക്യൂരിറ്റി എൻക്രിപ്ഷനോടുകൂടിയ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. 16 മെഗാപിക്സൽ പ്രധാനക്യാമറയും 5 മെ.പി. ഫ്രണ്ട് ക്യാമറയും ഉള്ള ഫോണിൽ MIUI 7 എന്ന ഇന്റർഫേസാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാമുള്ള ഫോണിന്റെ 16 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡിന്റെ സഹായത്താൽ 128 ജിബി വരെ ഉയർത്താൻ സാധിക്കും. ആൻഡ്രോയ് 5.1 ലോലിപോപ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിൽ. Buletooth v 4.1 ഉം FM ഉം ഇതിലുണ്ട്. 4G, 3G, 2G സപ്പോർട്ട് ചെയ്യുന്ന, രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണാണിത്. 8.65 mm കനമുള്ള ഫോണിന് 164 ഗ്രാം ഭാരമുണ്ട്. മികച്ച ഫോണാണ് ഇതും.

വില ആമസോണിൽ 9999 രൂപ.

LeEco Le 1s Eco

2016 ഫെബ്രുവരിയിൽ റിലീസായ ഈ 5.5 ഇഞ്ച് ഫുൾ എച്ച്ഡി IPS LCD കപ്പാസിറ്റീവ് ടച്സ്ക്രീനുള്ള ഈ ഫോൺ ഇൻഡ്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത് LeEco എന്ന് പേരായ 2004 ൽ സ്ഥാപിതമായ ചൈനീസ് കമ്പനിയാണ്. 1.85 Ghz Mediatek Helio X10 Octa Core പ്രോസസറാണ് ഈ ഫോണിന്റെ ഹൃദയം. 13 മെഗാപിക്സൽ പിൻക്യാമറയും 5 മെ.പി. മുൻക്യാമറയും ഇതിനുണ്ട്. 7.6 mm മാത്രം കനമുള്ള ഈ ഫോണിന്റെ ഭാരം 169 ഗ്രാമാണ്. 3000 mah നോൺ റിമൂവബിൾ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാമുള്ള ഈ ഫോണിൽ 32 ജിബി റോം ഉണ്ടെങ്കിലും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇല്ലാത്തതിനാൽ കൂടുതൽ എക്സ്പാൻഡ് ചെയ്യാൻ കഴിയില്ല. EUI എന്ന യൂസർ ഇന്റർഫേസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് നാനോ സിമ്മിടാവുന്ന ഈ 4G ഫോണിൽ എഫ്.എം ഉം ബ്ലൂടൂത്ത് 4.1 ഉം ഉണ്ട്. USB type C എന്ന പുതിയ സാങ്കേതിക വിദ്യയിലൂന്നിയ സ്ലോട്ടാണ് ഫോൺ ചാർജ് ചെയ്യുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനും
ഉപയോഗിച്ചിരിക്കുന്നത്. Dolby DTS Sound ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

വില ഫ്ലിപ്കാർട്ടിൽ 9999 രൂപ.

ഫോൺ വിളിക്കുക, ചാറ്റ് ചെയ്യുക, പടം പിടിക്കുക, പാട്ടുകേൾക്കുക എന്നീ നാലിന പരിപാടികൾക്കപ്പുറം മറ്റൊരു ജീവിതലക്ഷ്യവുമില്ലാത്ത സാദാ ഫോൺതൊഴിലാളികളായ മലയാളികൾക്ക് അഭിമാനവും അഹങ്കാരവുമായി ഒരു സ്മാർട്ട്ഫോൺ കയ്യിലുണ്ടാകണമെന്ന് ഇന്ന് ഒരു നേർച്ചപോലെയാണ്.

അമേരിക്കയിൽ നിന്നും മറ്റും എത്തുന്ന മക്കൾ പ്രായമായ അമ്മയ്ക്കും അമ്മൂമ്മയ്ക്കും മറ്റും നൽകുന്ന ഐഫോണുകൾ ഒരു ഫോണെന്നതിലുപരി അത് സ്നേഹത്തിന്റെ പ്രതീകവുമാണ്.

ന്യൂജെൻ ആൺകുട്ടികൾ എഫ്.ബി – വാട്സാപ്പ് മെസഞ്ചറിനപ്പുറം അവരുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നില്ലെങ്കിലും പത്തുപാസാകണമെങ്കിൽ കുറഞ്ഞ പക്ഷം ഒരു മൈക്രോമാക്സെങ്കിലും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അടുക്കളയ്ക്ക് മുൻപിൽ സത്യഗ്രഹമിരിക്കുന്നവരാണ്.

മൊബൈൽ വാങ്ങിക്കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഉത്തരത്തിൽ തൂങ്ങിയ എത്ര പെൺജന്മങ്ങൾ! ഫോണിന്റെ സങ്കൽപ്പങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. നാം പോലുമറിയാത്ത നവീന സൗകര്യങ്ങളും സാങ്കേതികതയുമായി അവ നമ്മുടെ തലക്കീഴിൽ വിശ്രമം കൊള്ളുന്നു. അത് നമുക്ക് എല്ലാമാണ്.

ആഹാരം കഴിച്ചില്ലെങ്കിലും കുളിച്ചില്ലെങ്കിലും കുഞ്ഞിനെ ഉറക്കിയില്ലെങ്കിലും ഫോൺ നോക്കാതിരിക്കാൻ പലർക്കും കഴിയില്ല. അത്, ലോകത്തെങ്ങുമുള്ള ആളുകളെ നമ്മുടെ കൂട്ടുകാരും കാമുകനും കാമുകിയും അച്ഛനും അമ്മയുമൊക്കെയാക്കി മാറ്റിയ ബന്ധങ്ങളുടെ ചിപ്സെറ്റിൽ ഒളിപ്പിച്ചിരിക്കുന്ന അനേകായിരം കോറുകളുള്ള വിശ്വാസത്തിന്റെ പ്രോസസറുകളുടെ ശൃംഖലയാണ്. അവിടെ ഞാനെന്നോ നീയെന്നോ ഇല്ലാ; നമ്മെ ബന്ധിപ്പിക്കുന്ന ഉള്ളംകൈയിൽ ഇരിക്കുന്ന ഈ മദ്ധ്യസ്ഥൻ മാത്രം! അവൻ എല്ലാം കാണുന്നവൻ.. എല്ലാം അറിയുന്നവൻ… !!!

തയ്യാറാക്കിയത് : ജി. നിശീകാന്ത്

Show More

Related Articles

Close
Close