ചെങ്ങന്നുരിന്റെ രാഷ്ട്രീയം : മുന്‍പേ പറന്ന പക്ഷികള്‍

മീനത്തിലും മേടത്തിലും കൊടും ചൂടാണ് കേരളത്തില്‍. ഇക്കുറി പതിവിലും ഏറെ ആയിരുന്നു ചൂടിന്‍റെ കാഠിന്യം. എന്നാല്‍ ,ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയ സ്ഥാനാര്‍ഥികളും മുന്നണികളും തളര്‍ച്ചയറിയാതെ ഓടുകയായിരുന്നു…!

നേതാക്കളുടെ പ്രഭാവം ..

കണ്‍വന്‍ഷനുകള്‍..

മുടങ്ങാത്ത ഭവനസന്ദര്‍ശനങ്ങള്‍..

ചാനല്‍ ചര്‍ച്ചകള്‍, വിശകലനങ്ങള്‍..

ഒരു റൗണ്ട് കഴിഞ്ഞു..!

രണ്ട് റൗണ്ട് കഴിഞ്ഞു..!!

തെരഞ്ഞെടുപ്പു കമ്മീഷന്‍ തിരിഞ്ഞു നോക്കിയില്ല…!!!

ഒടുവില്‍,

ക്ഷീണിച്ച്, മടുത്ത്,പനിപിടിച്ച്…

ഓട്ടം നിര്‍ത്താനൊരുങ്ങിയപ്പോള്‍….. ദാ വന്നു …!

പെരുമാറ്റച്ചട്ടം…!!

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഇത് അഭിമാന പോരാട്ടമാണ്.അന്തരിച്ച കെ കെ രാമചന്ദ്രന്‍നായര്‍ ,ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഏറെ സ്വീകാര്യനായിരുന്നു എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന്‍റെ വിജയം. ചെങ്ങന്നൂരിനു ഏറെ പ്രിയപ്പെട്ട എം എല്‍ എ ആയിരുന്ന പി സി വിഷ്ണുനാഥിനെയും ,ബി ജെ പി യിലെ തന്നെ തലമുതിര്‍ന്ന നേതാവ് അഡ്വ:പി എസ് ശ്രീധരന്‍പിള്ളയേയും ശക്തമായ ത്രികോണ മത്സരത്തിലാണ് കെ കെ ആര്‍ പരാജയപ്പെടുത്തിയത്.

നിയോജക മണ്ഡലത്തില്‍ കെ കെ ആര്‍ തുടങ്ങിവച്ച വികസന പദ്ധതികള്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള നേതാവിനെ വിജയിപ്പിക്കണം എന്നതാണ് എല്‍ ഡി എഫിന്‍റെ ആഹ്വാനം. ഇതിനായി അവര്‍ നിയോഗിച്ചിട്ടുള്ളത് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ,ചെങ്ങന്നൂര്‍ സ്വദേശിയുമായ സജി ചെറിയാനെയാണ്. മുന്‍പ് 2006 ല്‍, കോണ്‍ഗ്രസ്സിലെ പി സി വിഷ്ണുനാഥിനോട് മത്സരിച്ച് പരാജയപ്പെട്ട സാഹചര്യം ഉണ്ടായെങ്കിലും സജി ചെറിയാനെയല്ലാതെ മറ്റൊരാളെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാന്‍ ഇടതുപക്ഷത്തിനാവില്ല എന്ന് നിസ്സംശയം പറയാം.

വിദ്യാര്‍ഥി, യുവജന , തൊഴിലാളി പ്രസ്ഥാനങ്ങള്‍ തുടങ്ങി ഏറെ വ്യാപകമായ സാമൂഹിക,രാഷ്ട്രീയ , പ്രവര്‍ത്തന പരിചയമാണ് സജി ചെറിയാന് അവകാശപ്പെടാനുള്ളത്.” പാര്‍ട്ടി ജില്ലാ സെക്രട്ടറി മത്സരിക്കുന്നു ,ജയിച്ചേ തീരൂ ” എന്നതാണ് മണ്ഡലത്തിലെ സഖാക്കള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.

ചെങ്ങന്നൂരുകാര്‍ക്ക് സുപരിചിതനാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍. ” ചെങ്ങന്നൂരിന്റെ സ്വന്തം “എന്ന ടാഗ് ലൈനുമായി ,പതിവുതെറ്റിച്ച് ,ഐക്യജനാധിപത്യ മുന്നണിയാണ് ആദ്യം ഓടിത്തുടങ്ങിയത്! മുന്‍പ് ,പലവട്ടം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ട്ടപ്പെട്ട സ്ഥാനാര്‍ഥിത്വം ആണ് ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനായ ഡി വിജയകുമാറിനെ തേടിയെത്തിയത്. ബാര്‍ അസോസിയേഷനും , അയ്യപ്പസേവാസംഖവും ,ജില്ലാ തലം വരെ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമൊക്കെയായി കഴിയുമ്പോള്‍ ആണ് തികച്ചും യാദൃശ്ചികമായി സ്ഥാനാര്‍ഥിത്വം കൈവന്നത്. മുന്‍പ് രണ്ട് വട്ടം ചെങ്ങന്നൂരില്‍ നിന്നും എം എല്‍ എ ആയ പി സി വിഷ്ണുനാഥ് ഒരിക്കല്‍ക്കൂടി മത്സരത്തിനുണ്ടാവും എന്നാ പ്രതീക്ഷയാനുണ്ടായിരുന്നത്.

“നമുക്കും മാറാം ” എന്ന് എന്‍ ഡി എ പറയുമ്പോള്‍ ” ത്രിപുരയിലാവാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരില്‍ കഴിയില്ല” എന്ന ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമായിക്കാണണം. എല്ലാ സന്ഖപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ശക്തമായ വേരോട്ടമുള്ള മണ്ണാണ് ചെങ്ങന്നൂരില്‍ ഉള്ളത്. ബി ജെ പി  ദേശീയ നിര്‍വാഹക സമിതി അംഗമായ ,ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ വെണ്മണി സ്വദേശീയായ പി എസ്  ശ്രീധരന്‍പിള്ള ഇക്കുറിയും എന്‍ ഡി എ സ്ഥാനാര്‍ഥിയാവുന്നതില്‍ യാദൃശ്ചികത ഒന്നും തന്നെയില്ല. അഭിഭാഷകന്‍ , വാഗ്മി, എഴുത്തുകാരന്‍,സംഖാടകാന്‍,എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളില്‍ തന്‍റേതായ കൈയ്യോപ്പുള്ള പി എസ് ശ്രീധരന്‍പിള്ള 2016 ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ 42682 വോട്ടുനേടി ഏവരെയും അമ്പരപ്പിച്ചു. ഈ തെരഞ്ഞെടുപ്പിന്‍റെ മുഖ്യ സവിശേഷതയും ഇതു തന്നെയാണ്.

” ബി ജെ പി സ്ഥാനാര്‍ഥി ചെങ്ങന്നൂരില്‍ ” ജയിക്കുമോ എന്നതാണ് ചോദ്യം . ഇത് എല്‍ ഡി എഫിന്‍റെയും , യു ഡി എഫിന്‍റെയും അധ്വാനത്തിന് കനം കൂട്ടുന്നു.

മുന്‍പേ പറന്ന ഈ പക്ഷികള്‍ക്കൊപ്പം ഭാഗ്യപരീക്ഷണത്തിനായി ചിലര്‍ക്കൂടി ഉണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ രാജീവ്‌ പള്ളത്ത്, ദേശീയ ജനാധിപത്യ മുന്നണി പ്രതിനിധി ഉണ്ണി കാര്‍ത്തികേയന്‍ , വിശ്വ കര്‍മ്മ ഏകോപന സമിതി സ്ഥാനാര്‍ഥി സി മോഹനന്‍ ആചാരി , എസ് യു സി ഐയുടെ (കമ്മ്യൂണിസ്റ്റ്) മധു ചെങ്ങന്നൂര്‍ ,രാഷ്ട്രീയ ലോകദളിന്റെ ജിജി പുന്തല ,മുന്നോക്ക മുന്നണി സ്ഥാനാര്‍ഥി സോമനാഥ വാരിയര്‍ എന്നിവര്‍. നാമനിര്‍ദേശപ്പട്ടിക സമര്‍പ്പിക്കാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ടെന്നതിനാല്‍ ഈ പട്ടികയ്ക്ക് ഇനിയും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവാം.

മത്സരത്തിന്‍റെ കാഠിന്യം ഏറുമ്പോള്‍ ഇവരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാവും. അതി ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നതെങ്കില്‍ ,വിജയിയുടെ ” മാര്‍ജിന്‍” നേര്‍ത്തതാവും. ഈ സാഹചര്യത്തില്‍ സ്വാധീനം കുറവെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന സംഖടനകളുടെയും അവരുടെ പ്രതിനിധികള്‍ക്കും പ്രധാന്യമേറും.

ഓര്‍ക്കുക….

” ചെങ്ങന്നൂരില്‍ ഒരു മുന്നണിയും തോല്‍ക്കാന്‍ തയ്യാറല്ല.”

തുടരും……

( നാളെ : മനസ്സുതുറക്കാതെ മാണിയും ,തുറന്നുപറയാതെ തുഷാറും…..)

Show More

Related Articles

Close
Close