മനസ്സു തുറക്കാതെ മാണിയും ,തുറന്നു പറയാതെ തുഷാറും

മറ്റേതു തെരഞ്ഞെടുപ്പിലേയും പോലെ ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലും ചില “X”ഫാക്ടറുകള്‍ ഉണ്ട്. അതായത് ഒരു സ്ഥാനാര്‍ഥിയുടെ വിജയത്തെയോ ,പരാജയത്തെയോ സ്വാധീനിക്കാവുന്ന അദൃശ്യമായ ചില ഘടകങ്ങള്‍ .അതില്‍ പ്രധാനമെന്നു തോന്നാവുന്ന രണ്ടു വിഷയങ്ങള്‍ ഇന്നു പ്രതിപാദിക്കുന്നു.

ഒന്ന്:

മാണിയും കാനവും ഇടതു-വലതു മുന്നണികള്‍ക്ക് ചില്ലറ തലവേദനയൊന്നുമല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. “മാണീടെ വോട്ടു വേണ്ട ” എന്ന് സി പി ഐ യുടെ കാനം രാജേന്ദ്രനും ബിനോയ്‌ വിശ്വവും പറയുന്നു!

ചോ: ആര്‍ക്ക് വേണ്ട എന്നാണ് പറയുന്നത് .

ഉ: ഇടതു മുന്നണിക്ക്‌.

എന്നാല്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി സി പി ഐ (എം) പ്രതിനിധിയായ സജി ചെറിയാന്‍ പറയുന്നത് “ഏവരുടെയും വോട്ടു വേണം” എന്നാണ്. സി പി ഐ (എം)സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ ലൈന്‍ തന്നെ.

ചോ: അപ്പോള്‍ ആര്‍ക്കാണ് മാണീടെ വോട്ടു വേണ്ടാത്തത് ?

ഉ: ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐക്ക് .

പിന്നെയും,

ചോ: സി പി ഐ സ്ഥാനാര്‍ഥിയാണോ ചെങ്ങന്നൂരില്‍ മത്സരിക്കുന്നത് .

ഉ: സി പി എം സ്ഥാനാര്‍ഥിയാണ്.

അപ്പോള്‍, എന്നതാണ് ശരിക്കുമുള്ള പ്രശ്നം.

മാണി എല്‍ ഡിഎഫില്‍ വന്നാല്‍ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല .കാനത്തിന്റെ പ്രശ്നം മറ്റു ചിലതാണ് എന്ന് വ്യക്തം. ഭാവിയില്‍ , ഇടതുമുന്നണിയില്‍ “മാണി കോണ്‍ഗ്രസ്” രണ്ടാം സ്ഥാനക്കാരായാലോ എന്ന സ്വാഭാവികമായ ഭയം സി പി ഐക്കുണ്ട്, അത്രതന്നെ…

ഉപതെരഞ്ഞെടുപ്പില്‍ ,ചെങ്ങന്നൂരില്‍ നിര്‍ണായക സ്വാധീനമുള്ള ( 2 പഞ്ചായത്തുകളിലെങ്കിലും) ” മാണീ കോണ്‍ഗ്രസ്” ന്‍റെ വോട്ടുകള്‍ ഇടതു മുന്നണിക്ക്‌ പരസ്യമായി വാഗ്ദാനം നല്‍കുകയും , സജി ചെറിയാന്‍ ജയിക്കുകയും ചെയ്യുന്ന പക്ഷം എല്‍ ഡിഎഫിലേക്കുള്ള വാതില്‍ മാണിയുടെ മുന്നില്‍ തുറക്കപ്പെടാനുള്ള സാധ്യത കൂടുക സ്വാഭാവികം. ഇതു കാനത്തിനും പാര്‍ട്ടിക്കും സഹിക്കാവുന്നതില്‍ അപ്പുറമാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല.

എന്നാല്‍,

യു ഡി എഫിന് ഇത് കണ്ടു നിന്ന് രസിക്കാവുന്ന കാഴ്ചയല്ല എന്നതാണ് മറുപുറം ” മാണി ഞങ്ങളോടൊപ്പമാണ് ” എന്ന് രമേശ്‌ ചെന്നിത്തല ആവര്‍ത്തിച്ചു പറയുന്നതും ശ്രദ്ധിക്കണം .ഐക്യ ജനാധിപത്യ മുന്നണിക്ക്‌ ചുമ്മാ തള്ളിക്കളയാവുന്ന ബന്ധമല്ല മാണി കോണ്‍ഗ്രസ്സുമായിട്ടുള്ളത്‌.

മാണി ഇടതുമുന്നണിയില്‍ പോകുന്ന പക്ഷം ചില സാമുദായിക സന്തുലിതാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും യു ഡി എഫ് സ്ഥാനാര്‍ഥിയായ ഡി വിജയകുമാറിനെ ബാധിച്ചേക്കും. അല്ലെങ്കില്‍ തന്നെ ” സാമുദായിക വിഷയങ്ങള്‍ ” യുഡിഎഫിനെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട് ചെങ്ങന്നൂരില്‍ ( വരും നാളുകളില്‍ ഇവ വിശദമായി പ്രതിപാദിക്കുന്നതാണ് ). ഇന്ന് മാണിയാണ് വിഷയം . കോണ്‍ഗ്രസിന് അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല കെ എം മാണിയുടെ പിന്തുണ. അതുകൊണ്ട് തന്നെ കാനത്തിന്റെയും, ബിനോയ്‌ വിശ്വത്തിന്റെയും നിലപാടുകള്‍ ചെന്നിത്തലക്കും, ഉമ്മന്‍ചാണ്ടിക്കും സന്തോഷം പകരുന്നതാണ്. എന്നാല്‍, മാണി ഒന്നും തെളിച്ചു പറയുന്നുമില്ല എന്നതാണ് രസകരമായ വസ്തുത.

ഇനിയൊരു ചിന്ത:

2019 ല്‍  വീണ്ടും മോദി ഭരണത്തില്‍ വന്നാല്‍ ,ജോസ് കെ മാണി വീണ്ടും കേരളത്തില്‍ നിന്ന് എം പി ആയാല്‍ ,കേരളത്തില്‍ നിന്ന് ബി ജെ പി ക്കാര്‍ ആരും ജയിക്കാത്ത സാഹചര്യം ഉണ്ടായാല്‍ , കേരളത്തിനു പ്രാതിനിധ്യം വേണം എന്ന് കേന്ദ്രം തീരുമാനിച്ചാല്‍ , ലോകസഭയിലേക്ക് ആരെയും ജയിപ്പിക്കാത്തതിന്റെ നീരസം അമിത് ഷാ കേരള ഘടകത്തോട് കാണിച്ചാല്‍ , ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചാല്‍…..

ഒക്കെ സ്വപ്നം ആണെന്ന് തോന്നാം…

എന്നാല്‍, ഇന്നു എന്‍ ഡി എ ക്കൊപ്പം ഉള്ള പി സി തോമസ്‌ , കെ എം മാണിക്ക് ആരായിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. പി സി ഫ്രാക്ഷന്‍  മാണിയില്‍ ലയിച്ച്, ഒന്നായി, മോഡിക്ക് കരുത്തു പകരാന്‍ തീരുമാനിച്ചാല്‍ 2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പു തന്നെ പുതിയ മുന്നണി സംവിധാനത്തിലാവും നടക്കുക.

രാഷ്ട്രീയമല്ലേ……

എന്തും സംഭവിക്കാം എന്നത് എല്ലാവര്‍ക്കും അറിയാം….

രണ്ട്: 

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കിയാണ് ബി ജെ പി അങ്കത്തട്ടില്‍ ഉള്ളത്. ” ജയിച്ചോണം” എന്നാണ് അമിത്ഷായുടെ കര്‍ശന നിര്‍ദേശം. ഇക്കാരണത്താല്‍ തന്നെ , ബി ജെ പി യുടെ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായ അഡ്വ: പി എസ് ശ്രീധരന്‍പിള്ളയെ തന്നെ കളത്തിലിറക്കി മത്സരിപ്പിക്കുന്നു. എന്നാല്‍, പോരിനിറങ്ങിയപ്പോള്‍ എന്‍ ഡി എ യുടെ ” ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള” ഘടകകക്ഷിയായ ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്ന കാഴ്ച ബി ജെ പി യെ തെല്ലു നൊമ്പരപ്പെടുത്തുന്നില്ലേ ?

ആദ്യമേ ചോദിക്കട്ടെ ….

ബിഡിജെഎസ് ഇപ്പോഴും എന്‍ ഡി എ ഘടകകക്ഷിയാണോ ?

ഉ: അതെ. (എന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്.)

ചോ: ബി ഡി ജെ എസ് പിണങ്ങിയതെന്തിന് ?

ഉ: ബി ജെ പി കേന്ദ്ര നേതൃത്വം നല്‍കാം എന്നേറ്റ ” വാഗ്ദാനങ്ങള്‍” ഒന്നുംതന്നെ നിലവില്‍ നല്‍കിയിട്ടില്ല എന്ന കാരണം.

ബി ഡി ജെ എസ് പ്രതിനിധീകരിക്കുന്ന സമുദായം ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിര്‍ണായകമാണ്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ അകമഴിഞ്ഞ് പിന്തുണച്ച സമുദായമാണ് ഇതെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. പി എസ് ശ്രീധരന്‍പിള്ള ജയിക്കാന്‍ ആണ് മത്സരിക്കുന്നതെങ്കില്‍ ബി ഡി ജെ എസ് വോട്ടുകള്‍ താമര ചിഹ്നത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അതിനു വേണ്ടി കുമ്മനം രാജശേഖരന്‍ ,കണിച്ചുകുളങ്ങരയില്‍ പോയി തലകുമ്പിട്ടു നില്‍ക്കുമെന്നൊന്നും തോന്നുന്നില്ല. കാരണം, ബി ജെ പി ജയിക്കുക എന്നത് , ” എന്‍ ഡി എ യില്‍ തുടര്‍ന്നും നില്‍ക്കാനാണ്  , താല്‍പ്പര്യം എങ്കില്‍ ” ബി ഡി ജെ എസ്സിനും ആവശ്യം തന്നെ.

എന്‍ ഡി എ വിട്ടു പോയാല്‍ ബി ഡി ജെ എസ്സ് കാണുന്ന വാതില്‍ ഇടതുമുന്നണിയാണ് എന്നത് സ്വാഭാവികം. അവിടെ കയറിക്കൂടുക എളുപ്പമാണോ എന്ന് തുഷാറും കൂട്ടരും ഇതിനകം തന്നെ ചിന്തിച്ചിട്ടുണ്ടാകും. മാണിയോടുള്ള കാനത്തിന്റെയും മറ്റും നിലപാടുകള്‍ ഇവരും കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്. മാത്രമല്ല, ബി ജെ പിയോട് നടത്തുന്ന ബാര്‍ഗെയിന്ഗിനെക്കാള്‍ കഠിനമായിരിക്കും പിണറായിയോടും, കൊടിയേരിയോടും ,നടത്തേണ്ടി വരിക.

ഇനി,

2019 ല്‍ മോദി വീണ്ടും അധികാരത്തില്‍ വരുകയില്ലായെന്നോന്നും ഇപ്പോള്‍ പറയാനാവില്ലല്ലോ… വന്നാലോ ?

തുഷാറിനു മന്ത്രിസ്ഥാനം കിട്ടിയാലോ?

ബോര്‍ഡും ,കോര്‍പറേഷനുമൊക്കെ തന്നാലോ…?

അപ്പോള്‍ , ബി ജെ പിക്കു മാത്രമല്ല ശ്രീധരന്‍പിള്ള ജയിക്കേണ്ട ആവശ്യം. ബി ഡി ജെ എസ്സ് പിന്തുണക്കാതിരിക്കുകയും എന്‍ ഡി എ സ്ഥാനാര്‍ഥി 1൦൦൦ ല്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍….

രാഷ്ട്രീയമല്ലേ …..

എന്തും സംഭവിക്കാമെന്ന് എല്ലാവര്‍ക്കുമറിയാം…..

(തുടരും…..)

 

Show More

Related Articles

Close
Close